Kerala

‘വായിലെ നാക്ക്’ പ്രശ്‌നമാണ് സഖാവേ: പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച CPMലെ പ്രാധാനികള്‍ ഇവരോ?

കൂടത്തായി ജോളിയെ റോള്‍ മോഡലാക്കിയ എല്‍.ഡി.എഫ് നേതാക്കള്‍ ജനങ്ങളെ വെറുപ്പിച്ചത്

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് വീട്ടിലിരുത്താല്‍ അഹോരാത്രം പണിയെടുത്ത പാളയത്തിലെ പടയാളികളെ കുറിച്ചാണ് പാര്‍ട്ടി അണികളില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ആയുധങ്ങളുമായി നേരിട്ട് പടപൊരുതാന്‍ വരുന്ന പ്രതിയോഗികളെ കാണാനും മനസ്സിലാക്കാനുമാകും. എന്നാല്‍, പാളയത്തില്‍ പട കൂട്ടുന്നവരെ കണ്ടെത്താനാവില്ല. രാഷ്ട്രീയത്തിലെ ആയുധം വായിലെ നാക്കാണ്. ഈ നാക്ക് വളച്ചാല്‍ ജയിക്കേണ്ട സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും, തോല്‍ക്കേണ്ട സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്യും. അത്രയും ശക്തിയുള്ളതാണീ ആയുധം.

ഇത് ഉപയോഗിക്കുന്നവര്‍ക്ക് വിവേകവും വിശുദ്ധിയും അല്‍പ്പമെങ്കിലും സാമൂഹിക പരിജ്ഞാനവും, വിവരവും വേണം. അതില്ലെങ്കില്‍ വാളെടുത്തവന്‍ വാളാലേ എന്നപോലെ വീണുപോകും. ഈ തെരഞ്ഞെടുപ്പു ഘട്ടങ്ങളുടെ ആകെത്തുക പരിശോധിച്ചാല്‍, ഇടതുപക്ഷം കാണിച്ചിരിക്കുന്ന അഹങ്കാരവും, ജനങ്ങളെ പരമാവധി വെറുപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ കഴിയും. കുറച്ചു കുറച്ച് വിഷം നല്‍കി കൊലപാതകം നടത്തിയ കൂടത്തായി ജോളിയെ റോള്‍ മോഡലാക്കിയ എല്‍.ഡി.എഫ് നേതാക്കള്‍ ജനങ്ങളെ വെറുപ്പിച്ചത്.

കേരളത്തെപ്പോലും കടക്കെണിയെന്ന വറചട്ടിയിലിട്ട് വറുത്തെടുത്തിട്ട് ജനങ്ങളെ പൊട്ടന്‍മാരാക്കുന്ന പ്രസ്താവനകള്‍ നടത്തുമ്പോള്‍ സംഭവിക്കുന്നത്, നെഗറ്റീവ് ഇംപാക്ടാണ്. അത്തരം പ്രസ്താവനകള്‍ ഏതു കാര്യത്തിലും നിരന്തരം നടത്തുന്ന നേതാക്കളുണ്ട് എല്‍.ഡി.എഫില്‍. പ്രത്യേകിച്ച് സി.പി.എമ്മില്‍. തെരഞ്ഞെടുപ്പിലെ പരാജയത്തിന് ഇത്തരം നേതാക്കളുടെ പ്രസ്താവനകള്‍ കൃത്യമായി പ്രതിഫലിച്ചിട്ടുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ഇതില്‍ പ്രധാനിയാണ് മുന്‍ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍.

രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടിലെ ഷെയര്‍ മുതല്‍ ബി.ജി.പി നേതാവ് വീട്ടില്‍ എത്തിയതു വരെയുള്ള സംഭവത്തില്‍ ഇ.പിയുടെ ഇടപെടലുകലും പ്രസ്താവനകളും ഒരാളും വിശ്വസിക്കാത്തവയാണ്. പറയുന്ന പ്രസ്താവനകള്‍ക്ക് ഒരു വിലയുമില്ലാത്ത നേതാക്കളില്‍ പ്രധാനിയായി മാറിയ ഇ.പിയെ സി.പി.എം പോലും നിയന്ത്രിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി തവണ ജനങ്ങളെ മാത്രമല്ല, അണികളെ വരെ പൊട്ടന്‍മാരാക്കുന്ന പ്രസ്താവനകള്‍ കൊണ്ട് വെറുപ്പിച്ചെടുക്കാന്‍ ഇ.പി നിരന്തരം ശ്രമിച്ചിരുന്നു.

മറ്റൊരു നേതാവാണ് മുന്‍ മന്ത്രികൂടിയായ എം.എം. മണി. എന്തുപറഞ്ഞാലും അതിനെ നാടന്‍ ശൈലിയാണെന്ന് പറഞ്ഞാണ് സി.പി.എം, മണിക്ക് പിന്തുണ നല്‍കിയത്. ഇങ്ങനെ പിന്തുണ വര്‍ദ്ധിച്ചതോടെ പ്രതിപക്ഷ നേതാക്കളെയും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരെയുമൊക്കെ പുലഭ്യം പറച്ചില്‍ വര്‍ദ്ധിപ്പിച്ചു. നിയമസഭയില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ ഇകഴ്ത്തി പ്രസംഗിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല. സി.പി.എം കൊടുത്ത ക്വട്ടേഷന്‍ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായ ടി.പിയെ രമയിലൂടെ വീണ്ടും ആക്രമിക്കുകയാണ് മണി ചെയ്തതെന്ന് രമ തന്നെ പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന മറ്റാരെങ്കിലും എം.എം. മണി പറയുന്ന പ്രസ്താവനകള്‍ പറഞ്ഞാല്‍ അത്, മ്ലേച്ചമെന്നു പറയുന്ന സി.പി.എം മണിയെ കയറൂരി വിട്ടിരിക്കുകയാണ്. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ നേതാവാണ് മുന്‍ മന്ത്രിയായിരുന്ന എ.കെ. ബാലന്‍. പാര്‍ട്ടി അണികളോടു പോലും പറഞ്ഞിട്ടുള്ള പ്രസ്താവനകള്‍ തിരിച്ചടിയായിട്ടുണ്ടെന്നാണ് സൂചനകള്‍. പാര്‍ട്ടി ജയിച്ചില്ലെങ്കില്‍ ചിഹ്നം നഷ്ടപ്പെടുമെന്നും, പിന്നെ, കുറുക്കനും, ചട്ടിയുമൊക്കെയായിരിക്കും ചിഹ്നമാവുക(കൃത്യമല്ല) എന്നാണ് പറഞ്ഞത്.

ഇത് പാര്‍ട്ടി അണികളെ ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. മാത്രമല്ല, തങ്ങളുടെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുള്ളത് എന്ന കുറ്റപ്പെടുത്തലാണോ ഇതെന്നും അണികള്‍ ചിന്തിച്ചിട്ടുണ്ട്. ഇത് വലിയ ദോഷം ചെയ്തിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ നയം തുരുമ്പെടുത്തു പോയെന്ന വിമര്‍ശനവും അണികള്‍ക്കുണ്ട്. ഇതിനെയെല്ലാം ന്യായീകരിക്കുന്ന നിലപാടാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവെന്ന രീതിയില്‍ എ.കെ. ബാലന്‍ നടത്തിക്കൊണ്ടിരുന്നത്. ഇതെല്ലാം അണികളെ മണ്ടന്‍മാരാക്കുന്ന നടപടികളായാണ് വിലയിരുത്തപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണിയിലെ അണികളുടെ വോട്ടു കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഇങ്ങനെ ഇടതുമുന്നണി വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് പൂര്‍ണ്ണ ഉത്തരവാദികള്‍ നേതാക്കളുടെ അഹങ്കാരവും പ്രസ്താവനകളുമാണ്. നേരും നെറിയും കെട്ടുപോയതിന്റെ ഭാഗമായാണ് നേതാക്കള്‍ പോലും ജനങ്ങളോട് കള്ളം വിളിച്ചു പറഞ്ഞ് സത്യമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിലയിരുത്തലുണ്ട്.