പതിവായി വെളുത്തുള്ളി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹാിക്കുമെന്ന് പഠനം. അല്ലിസിൻ പോലുള്ള സംയുക്തങ്ങളാൽ സമ്പന്നമായ വെളുത്തുള്ളി, ഗ്ലൂക്കോസ്, ലിപിഡ് അളവ് എന്നിവ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. ന്യൂട്രിയൻ്റ്സ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ചൈനയിലെ ഒരു കൂട്ടം ഗവേഷകർ, മനുഷ്യരിൽ രക്തത്തിലെ ലിപിഡിലും ഗ്ലൂക്കോസിൻ്റെ അളവിലും വെളുത്തുള്ളിയുടെ സ്വാധീനത്തെക്കുറിച്ച് അവലോകനവും മെറ്റാ അനാലിസിസും നടത്തുകയായിരുന്നു.
ഗവേഷകർ PRISMA 2020 മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുകയും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുമായി രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ക്രമരഹിതമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ഹീമോഗ്ലോബിൻ A1c, ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, മൊത്തം കൊളസ്ട്രോൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നിവയുടെ അളവ് പരിശോധിച്ചു. പഠനത്തിൽ വെളുത്തുള്ളി ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തി. വെളുത്തുള്ളി നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്തിയതായി പഠനത്തിൽ പറയുന്നു.പ്രതിദിനം ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് 10% കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.