ന്യൂഡൽഹി: ഡൽഹി-ടൊറൊൻ്റോ എയർ കാനഡ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടൊറന്റ്റോയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ കാനഡ എ സി 43 വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.50ഓടെയാണ് അധികൃതർക്ക് ഇമെയിലിലൂടെ സന്ദേശം വന്നത്. വിമാനത്തിന്റെ അകത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
ഇതിനെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായ വിധത്തിൽ യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. ഇത് ആദ്യ സംഭവമല്ല. ജൂൺ രണ്ടിനും സമാന സംഭവം നടന്നിരുന്നു. 306 യാത്രക്കാരുമായി പാരിസീൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന്റെ എ സി 43നും ബോംബ് ഭീഷണി നേരിട്ടിരുന്നു. വിമാനത്തിലെ എയർസിക്‌നെസ് ബാഗിൽ നിന്നാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം കണ്ടെടുത്തത്.
ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി നേരിട്ടിരുന്നു. ചെന്നൈയിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ജൂൺ ഒന്നിനായിരുന്നു സംഭവം. 172 യാത്രക്കാരും ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശമെത്തിയത്. ബോംബ് ഭിഷണിയുണ്ടായതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു റിമോട്ടും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 28ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതേ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വച്ചുതന്നെ യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയായിരുന്നു.