Kerala

“സ്വരം നന്നാകുമ്പോള്‍ പാട്ടു നിര്‍ത്തി” കെ. മുരളീധരന്‍ ബി.ജെ.പിയിലേക്കോ ?: ഏട്ടനെ ചൂണ്ടയിട്ട് പത്മജാ വേണുഗോപാല്‍; കോണ്‍ഗ്രസ് കുരുതിയാണോ തോല്‍വി ?

തൃശൂരിലെ തോല്‍വിയില്‍ അടിപതറിപ്പോയ കെ. കരുണാകരന്റെ മൂത്തമകന്‍ കെ. മുരളീധരനെ ചൂണ്ടയിട്ട് മകള്‍ പത്മജ വേണുഗോപാല്‍. ബി.ജെ.പിയിലേക്ക് താന്‍ ക്ഷണിക്കില്ലെന്നും, എന്നാല്‍ ഏട്ടനെ കോണ്‍ഗ്രസ് നേതൃത്വം ബലിയാടാക്കിയെന്നുമാണ് പത്മജാ വേണുഗോപാല്‍ പറയുന്നത്. വടകരയില്‍ നിന്നും തൃശൂരിലേക്ക് ബലിയാടായി വന്ന മുരളീധരനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചതും. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അഴസാനിച്ചയുടന്‍ മുരളീധരന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്.

തല്‍ക്കാലം പൊതുരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഇനിയൊരു മത്സരത്തിന് ഇല്ലെന്ന പ്രഖ്യാപനവും നടത്തി. സ്വരം നന്നാകുമ്പോ പാട്ടു നിര്‍ത്തണം എന്നാണല്ലോ. അതിനാല്‍ ഇനി മത്സരിക്കില്ല എന്നണ് മുരളീധരന്റെ തീരുമാനം. ഇത് കോണ്‍ഗ്രസിനെ വല്ലാതെ പ്രതിരോധത്തിലാക്കും എന്നുറപ്പാണ്. കുരുതി കൊടുക്കാന്‍ താന്‍ നിന്നുകൊടുക്കാന്‍ പാടില്ലായിരുന്നു. കേരളത്തില്‍ യുഡിഎഫിന് വലിയ വിജയമുണ്ടായി. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

എന്നാല്‍ ഒരിക്കലും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച അപ്രതീക്ഷിത വിജയം തൃശൂരില്‍ ബി.ജെ.പി നേടി. പതിവില്ലാത്ത രീതിയില്‍ രണ്ട് മുന്നണിക്കൊപ്പം ബി.ജെ.പിയുടെ സാന്നിധ്യമുണ്ടായി. തൃശൂരില്‍ ന്യൂനപക്ഷ വോട്ടില്‍ വിള്ളലുണ്ടായിട്ടുണ്ട്. മുന്നാക്ക വോട്ട്, ക്രൈസ്തവ വോട്ട് എന്നിവ ബി.ജെ.പിക്ക് സമാഹരിക്കാനുമായി. മുസ്ലീം വോട്ടില്‍ നല്ല വിഭാഗം യു.ഡി.എഫിന് വന്നതിനാല്‍ ഗുരുവായൂരില്‍ യു.ഡി.എഫിന് ലീഡ് നേടാനായിട്ടുണ്ട്. എല്‍.ഡി.എഫിന്റെ ഉറച്ച വോട്ടുബാങ്കുകള്‍ പോലും അവരെ കൈവിട്ടു.

മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടും തിരിച്ചടി നേരിട്ടു. തൃശൂരില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് പരിശോധിക്കും. പഞ്ചായത്ത് നിയമസഭാ വോട്ടില്‍ രാഹുല്‍ ഇഫക്ട് ഉണ്ടാവമെന്നില്ല. യു.ഡി.എഫിനെ സഹായിച്ച രണ്ട് പ്രബല സമുദായത്തിലുള്ള വിള്ളല്‍ തിരിച്ചടിയായി. സംഘടനാപരമായ ദൗര്‍ബല്യം പാര്‍ട്ടിക്കുണ്ട്. അതിന് നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊതു സമൂഹത്തില്‍ വന്ന മാറ്റം അനുസരിച്ച് വോട്ട് ചേര്‍ക്കുന്നതില്‍ പിഴവുണ്ടായി. കരുണാകരനും താനും മുമ്പും പരാജയപ്പെട്ടത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൊണ്ടാണ്ട്.

എന്നാല്‍, ഇക്കുറി ഒരിടത്തും നെഗറ്റീവ് ട്രെന്‍ഡില്ല. തൃശൂര്‍ പൂരം മുതലാണ് കാര്യം പാളിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി ബി.ജെ.പിക്ക് ഗുണമായി. ഇനിയൊരു മത്സരത്തിന് തല്‍ക്കാലമില്ല. പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. സുരേഷ് ഗോപിക്ക് വേണ്ടി മൂന്നുതവണ പ്രധാനമന്ത്രി വന്നു. വി.എസ് സുനില്‍ കുമാറിന് വേണ്ടി മുഖ്യമന്ത്രി വന്നു. എനിക്ക് വേണ്ടി ആരും വന്നില്ല. എനിക്ക് വേണ്ടി ഡി.കെ ശിവകുമാര്‍ മാത്രമാണ് വന്നത്. എന്നാല്‍, അദ്ദേഹത്തെ പ്രചാരണത്തില്‍ ശരിക്കും ഉപയോഗിക്കാനായില്ല. താന്‍ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനായില്ല എന്ന സങ്കടമുണ്ട്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നെങ്കില്‍ കൂടി സങ്കടം ഉണ്ടാകുമായിരുന്നില്ല. ലീഗിലെ എല്ലാ നേതാക്കളും തനിക്കായി വന്നു. താനെന്നും കോണ്‍ഗ്രസുകാരനായി നില്‍ക്കും. തല്‍ക്കാലം ഒരു കമ്മിറ്റിയിലേക്കും ഇല്ല. ഇനിയൊരു മത്സരത്തിന് തല്‍ക്കാലമില്ല. ജനിച്ച സ്ഥലത്ത് തനിക്ക് രാശിയില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ല. വടകരയില്‍ നിന്നാല്‍ തന്നെ ജയിക്കുമായിരുന്നു.

കുരുതി കൊടുക്കാന്‍ താന്‍ നിന്നുകൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറയുന്നു. ഇതാണ് പത്മജാ വേണുഗോപാലും കാത്തിരുന്ന സമയം. മുരളീധരന്‍ വിജയിച്ചിരുന്നൂവെങ്കില്‍ പത്മജയുടെ ബി.ജെ.പി പ്രവേശം ആയിരുന്നു ഏറ്റവും വലിയ പാതകമായി ജേഷ്ഠന്‍ മുരളീധരന്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ടായിരുന്ന വിഷയം. എന്നാല്‍, ദൈവം പത്മജയുടെ കൂടെയുണ്ടായിരുന്നു. മുരളീധരന്‍ തൃശൂര്‍ പൂരത്തിന്റെ എട്ടുനില കമ്പം പോലെ പൊട്ടിവീണു.

കൂടെയുള്ളവരുടെ പാലംവലിയും, ടി.എന്‍. പ്രതാപന്റെ നിസ്സഹകരണവും തൃശൂര്‍ ഡി.സിസയുടെ നിരുത്തരവാദപരമായ സമീപനവും നേതാക്കളുടെ കൊത്തൊഴുക്കില്ലായ്മയും എല്ലാം മുരളീധരനെ ചുഴറ്റിയടിച്ചു. ഇങ്ങനെയുള്ള ചുഴികള്‍ നേരത്തെ മനസ്സിലാക്കിയാണ് പത്മജ ബി.ജെ.പിയിലേക്ക് കൂടുമറിയതെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുകയാണ് തെരഞ്ഞെടുപ്പ്. കെ. കരുണാകരന്റെ മക്കള്‍ ഇനി ബി.ജെ.പിയില്‍ ഒരു മിച്ചു പ്രവര്‍ത്തിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

അതിനുള്ള മുന്നൊരുക്കങ്ങളാണോ മുരളീധരന്റെ സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള വിട്ടു നില്‍ക്കലെന്നും സംശയമില്ലാതില്ല. എന്തായാലും മുരളീധരനു വേണ്ടിയുള്ള ചൂണ്ട പത്മജ ഇട്ടുകഴിഞ്ഞു. അതില്‍ കുരുങ്ങണമെങ്കില്‍ മുരളീധരന് ബോധിക്കുന്ന ഇരതന്നെ വേണം. കുറഞ്ഞ പക്ഷം കേന്ദ്രമന്ത്രിസ്ഥാനമെങ്കിലും നല്‍കണം. അല്ലാതെ വന്നാല്‍, എന്തു സംഭവിക്കുമെന്നു പറയാനാകില്ല.