ആവശ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ കുവൈത്തിലെ എല്ലാ കമ്പനികൾക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറി(പിഎഎം)ന്റെ അനുമതി. എല്ലാ കമ്പനികൾക്കും 100 ശതമാനം വർക്ക് പെർമിറ്റ് നൽകാൻ അനുമതി നൽകിയതായി ഷാഹിദ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തോടെ തൊഴിലുടമകൾക്ക് എസ്റ്റിമേറ്റ് കണക്കനുസരിച്ച് വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാനാകും. പി.എ.എം പുറപ്പെടുവിച്ച തീരുമാനമനുസരിച്ച്, ഒരു വർക്ക് പെർമിറ്റ് നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഫീസ് 150 കുവൈത്തി ദിനാറാണ്.
പുതിയ തീരുമാനത്തോടെ കമ്പനികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ചിരുന്ന മുൻ വ്യവസ്ഥകൾ പി.എ.എം റദ്ദാക്കി. നേരത്തെ ഒരു ഗ്രൂപ്പിൽപ്പെട്ട കമ്പനികൾക്ക് അവരുടെ തൊഴിൽ ആവശ്യത്തിന്റെ 100 ശതമാനത്തിനും വർക്ക് പെർമിറ്റ് ലഭിച്ചിരുന്നു. എന്നാൽ മറ്റൊരു ഗ്രൂപ്പിൽപ്പെട്ടവർക്ക് 50 ശതമാനം വർക്ക് പെർമിറ്റും മൂന്നാമത്തെ ഗ്രൂപ്പിൽപ്പെട്ടവർക്ക് ആവശ്യത്തിന്റെ 25 ശതമാനം വർക്ക് പെർമിറ്റുമാണ് ലഭിച്ചിരുന്നത്.