മസ്‌കത്ത് മെട്രോയുടെ മുൻകൂർ സാധ്യതാ പഠനം ഈ വർഷം പൂർത്തിയാകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ റെയിൽവേ മേധാവി കൂടിയായ മെട്രോ പ്രോജക്ട് മാനേജർ ഹമൂദ് മുസാബ അൽ അലവി. പഠനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ടൈംസ് ഓഫ് ഒമാനോടാണ് പറഞ്ഞത്. തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ഉചിത രീതിയിൽ സംയോജിപ്പിച്ചാൽ, നഗരത്തിന്റെ ഭാവി വികസനത്തിൽ മെട്രോ വലിയ സ്വാധീനം ചെലുത്തുമെന്നും ഹമൂദ് മുസാബ അൽ അലവി പറഞ്ഞു.
‘മസ്‌കത്ത് മെട്രോ നട്ടെല്ലായി ഒരു സംയോജിതവും വിശ്വസനീയവുമായ പൊതുഗതാഗത ശൃംഖല മസ്‌കത്തിൽ ഇപ്പോൾ അനിവാര്യമാണെന്നതിൽ സംശയമില്ല. എന്ത്, എങ്ങനെ, എത്ര മികച്ച രീതിയിൽ നമുക്ക് അത് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ കഴിയും എന്നത് മാത്രമാണ് കാര്യം’ അദ്ദേഹം വ്യക്തമാക്കി. എൻജി സയീദ് ബിൻ ഹമൂദ് അൽ മവാലിയാണ് മസ്‌കത്ത് മെട്രോ പദ്ധതി ആദ്യമായി പുറത്തുവിട്ടത്.