വയനാട്ടില്‍ ഒരു ഇലക്ഷന് സാധ്യതയുണ്ടെന്ന് മുന്‍കൂട്ടിക്കണ്ട് കെ. മുരളീധരനെ ആദ്യമേ കയറിവെട്ടിയിരിക്കുകയാണ് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ഗാന്ധി വയനാണോ റായ്ബറേലിയാണോ നിലനിര്‍ത്തുന്നത് എന്നതാണ് ചോദ്യം. റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് വരും. എന്നാല്‍, കഴിഞ്ഞ തവണ രാഹുല്‍ഗാന്ധി വയനാടും അമേഠിയിലുമാണ് മത്സരിച്ചത്. അന്ന് അമേഠിയില്‍ തോല്‍ക്കുകയും വയനാട്ടില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ അമേഠിയില്‍ തന്നെ പരാജയപ്പെടുത്തി കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി പരാജയപ്പെട്ടു.
ഈ സാഹചര്യത്തില്‍ രാഹുലിന് വയനാടിനോട് ഒരു മാനസിക അടുപ്പമുണ്ടെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. അതുകൊണ്ട് വയനാട് നില നിര്‍ത്തി റായ്ബറേലി ഒഴിയാനണ് സാധ്യത. എന്നാല്‍, രാഷ്ട്രീയ ചതുരംഗത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിശ്ചയമില്ല. എന്‍.ഡി.എയ്ക്കും ഇന്ത്യമുന്നണിക്കും ഒരുപോലെ സാധ്യത കല്‍പ്പിക്കുന്ന കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ എന്തു മാര്‍ഗവും നോക്കുമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ അമേഛിയില്‍ ഒരു ഭാഗ്യ പരീക്ഷണം നടത്താന്‍ തയ്യാറാകാതെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കാനുള്ള നീക്കം നടത്തിയേക്കാനും സാധ്യ കൂടുതലാണ് എന്നും വിശ്വസിക്കേണ്ടി വരും.
ഈ സാഹചര്യം വന്നാല്‍ വയനാട് സീറ്റില്‍ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുന്നത്. അതായത്, കെ. മുരളീധരന്‍ വയനാട് സീറ്റിനു വേണ്ടി നിലയുറപ്പിക്കുമോ എന്ന ആശങ്കകൊണ്ടാണിത്. വയനാട്ടിലെ രാഹുലിന്റെ ഭൂരിപക്ഷംേ ഒന്നുമതി കോണ്‍ഗ്രസ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ പുഷ്പ്പം പോലെ വിജയിപ്പിക്കാന്‍. പക്ഷെ, ഇതിന് ലീഗ് കൂടി സമ്മതിക്കണം എന്നുമാത്രം. വയനാടിനെ നിലനിര്‍ത്തി കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി ലഭ്യമാക്കാന്‍ സാധിച്ചാല്‍ അത് ഇന്ത്യ മുന്നണിയെ ഒന്നുകൂടി ശക്തിപ്പെടുത്തും.
അതിന് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തി, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറയുന്നത്. അതിനുള്ള കാരണങ്ങളും ഉണ്ണിത്താന്‍ നിരത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഇന്ത്യ മുഴുവന്‍ പര്യടനം നടത്തി പ്രചാരണം നടത്തുകയായിരുന്നു. അവര്‍ സ്റ്റാര്‍ ക്യാമ്പെയിനറായിരുന്നു. തൃശൂരില്‍ കെ മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി സമഗ്രമായി പഠിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
മത്സരിച്ച വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ജയിച്ചതോടെ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് രാഹുല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ രാഹുല്‍ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ല്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ജയം. 167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ല്‍ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയില്‍ പരാജയപ്പെടുത്തിയത്.
മണ്ഡലത്തിലെ 66.17 ശതമാനം വോട്ടും നേടിയാണ് രാഹുല്‍ ഇത്തവണ റായ്ബറേലിയില്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 28.64 ശതമാനം വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നേടാനായത്. വയനാട്ടില്‍ നിന്ന് രണ്ടാമൂഴം തേടിയപ്പോള്‍ രാഹുല്‍ 647445 വോട്ടുകളാണ് നേടിയത്. 364422 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഭരണഘടനയെ സംരക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നാണ് രാഹുലിന്റെ ആദ്യ പ്രതികരണം. നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമാണ്. രാജ്യത്തെ തകര്‍ക്കാന്‍ മോദിയെയും അമിത് ഷായെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും റായ്ബറേലിയിലും വയനാട്ടിലെയും വോട്ടര്‍മാര്‍ക്കും രാഹുല്‍ ?ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കുകയുണ്ടായി. ഉറപ്പായ സീറ്റുവിട്ട് തോല്‍പ്പിക്കാനുറച്ച സീറ്റില്‍ മത്സരിച്ച കെ. മുരളീധരന്റെ രാഷ്ട്രീയ വനവാസം കോണ്‍ഗ്രസിനെ വിഷമസന്ധിയിലാക്കിയിട്ടുണ്ട്. ഇത് മറി കടക്കാന്‍ അദ്ദേഹത്തെ ഏതെങ്കിലും സീറ്റില്‍ മത്സരിപ്പിക്കാനേ കോണ്‍ഗ്രസ് ശ്രമിക്കൂ. മുരളീധരന്‍ കേരളത്തിലെ ഏതു സീറ്റും മത്സരിക്കാന്‍ യോഗ്യനുമാണ്.
മറ്റാരും തലവെയ്ക്കാന്‍ തയ്യാറാകാത്ത സീറ്റില്‍പ്പോലും പാര്‍ട്ടി പറഞ്ഞപ്പോള്‍ മത്സരിച്ച വ്യക്തിയാണ് മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ നിന്നും വടകരയിലേക്കും, അവിടുത്ത് നേമത്തേക്കും, വീണ്ടും വടകരയിലും അവിടുത്ത് തൃശ്ശൂരും എത്തിച്ചാണ് മുരളീധരനെ പാര്‍ട്ടി പരീക്ഷിച്ചത്. ഇവിടെയെല്ലാം സന്തോഷത്തോടു കൂടി ദൗത്യം ഏറ്റെടുക്കാനും മുരളീധരന്‍ തയ്യാറായി.
ഒരു ഭാഗ്യ പരീക്ഷണത്തിനു പോലും അന്ന് ആരും തയ്യാറായില്ലെന്നതും എടുത്തു പറയണം. ഉമ്മന്‍ന്‍ചാണ്ടിയോട് നേമത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടുപോയാല്‍ വീടിനു മുകളില്‍ നിന്നും ചാടി മരിക്കുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവം ഓര്‍ക്കാതെ പോകുന്നതെങ്ങനെ. ഇങ്ങനെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വരെ മുട്ടിടിച്ചു നിന്നപ്പോള്‍ ചങ്കൂറ്റത്തോടെ മത്സരിക്കാന്‍ വന്ന നേതാവാണ് മുരളീധരന്‍. ആ നേതാവിന് വയനാട്ടില്‍ സുരക്ഷിത സീറ്റായി കണ്ട് മത്സരിപ്പിക്കണമെന്ന് ദോഷൈകദൃക്കുകളല്ലാത്ത ആരെങ്കിലും ആവശ്യപ്പെട്ടാലോ. ഇത് മുന്നില്‍ കണ്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെട്ട് എന്നാണ് അണികള്‍ പറയുന്നത്.