തിരുവനന്തപുരം: തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച സോളാര്‍ റൂഫിംഗ് പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ ഏഴ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജിപിമാരായ മനോജ് എബ്രഹാം, എം.ആര്‍ അജിത് കുമാര്‍, പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അത്തല്ലൂരി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍റ് മാനേജിംങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ ഗീതിക വര്‍മ്മ മുതലായവര്‍ പങ്കെടുക്കും.
കേരള പോലീസ് ഇന്‍റര്‍ഗ്രേറ്റഡ് സ്പോര്‍ട്സ് ആന്‍റ് ഗെയിംസ് കോംപ്ലക്സ് പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയുടെ മേല്‍ക്കൂരയിലാണ് ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഏഴരക്കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 6.98 കോടി രൂപ കൊണ്ട് പൂര്‍ത്തിയാക്കാനായി. ഇതില്‍ 2.75 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ലഭ്യമാക്കിയത്. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുന്നതിലൂടെ ആറു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങൾക്ക് വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്നതിനും കളിക്കുന്നതിനും ഇവിടെ അവസരമുണ്ട്. കൂടാതെ ഒരു നീന്തല്‍ കുളവും മൂന്ന് ജിംനേഷ്യവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.