തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ അണികളുടെ ആവേശോജ്വല സ്വീകരണം. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കി സ്വീകരിച്ചു.
തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. ഇവിടെ നിന്ന് സ്വന്തം വാഹനത്തിലാണ് അദ്ദേഹം തൃശൂരിലേക്ക് എത്തിയത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജ ഐ.എ.എസില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ റോഡ് ഷോ നടത്തി.
മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി.ജെ.പി നടത്തുന്നത്. റോഡ് ഷോയില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
“വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും എല്ലാവരുടെയും വോട്ടുകൾ ഗുണം ചെയ്‌തു ഗുരുവായൂരിൽ ഇനിയും വരും. ഇനി തൃശൂരാണ് എന്റെ കിരീടം. എന്റെ ആദ്യത്തെ ഉദ്യമം തൃശൂർ പൂരം. പുതിയ നടത്തിപ്പിനുള്ള കാര്യങ്ങൾ ചെയ്യും. അത് ഇത്തവണ നടപ്പിലാക്കും”-സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ‘‘തൃശൂരിലേക്ക് മെട്രോ റെയിൽ പദ്ധതി നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കും. മെട്രോ വന്നാൽ സ്വപ്നം കാണുന്ന വളർച്ച ലഭിക്കും. ബിസിനസ് സാധ്യത വളരും. മെട്രോയ്ക്കായി സാധ്യതാ പഠനം നടത്തേണ്ടതുണ്ട്. പഠന റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും’’–സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ സ്ഥിരം താമസമാക്കുമോയെന്ന ചോദ്യത്തിന്, സ്ഥിരതാമസം ആക്കിയതുപോലെ ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും താൻ തൃശൂരിൽ തന്നെ ഉണ്ടായിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.