ന്യൂഡൽഹി: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ ചേർന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗം അവസാനിച്ചു. എൻഡിഎ സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തിൽ തീരുമാനമായി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകീട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ പങ്കെടുത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ സഖ്യകക്ഷികൾ ബുധനാഴ്ചതന്നെ രാഷ്ട്രപതി ദ്രൗപതി മുർവിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
എൻഡിഎ യോഗത്തിനു മുന്നോടിയായി നരേന്ദ്ര മോദിയും അമിത്ഷായും ചർച്ച നടത്തിയിരുന്നു. ബിജെപിയിലെ പ്രധാന നേതാക്കളുമായും ഇരുവരും ആശയവിനിമയം നടത്തി. 2014 നുശേഷം സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഘടകകക്ഷികളെ ആശ്രയിക്കേണ്ടി വരുന്നത് ആദ്യമായാണ്.
ആന്ധ്രയ്ക്ക് പ്രത്യേക പദവി, സ്പീക്കർ സ്ഥാനം, 3 ക്യാബിനറ്റ് മന്ത്രിമാർ, 2 സഹമന്ത്രിമാർ എന്നീ ആവശ്യങ്ങൾ ചന്ദ്രബാബു നായിഡു മുന്നോട്ടുവച്ചതായാണ് സൂചന. ബിഹാറിന് പ്രത്യേക പദവി വേണമെന്നാണ് നിതീഷ് കുമാറിന്റെ ആവശ്യം. 3 ക്യാബിനറ്റ് മന്ത്രിമാരെയും ആവശ്യപ്പെടുന്നു.
റെയിൽവേ അടക്കമുള്ള വകുപ്പുകളാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷിവകുപ്പ് ആണ് നായിഡുവിന്റെ ലക്ഷ്യം. ചിരാഗ് പാസ്വാൻ കാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവുമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് ബി.ജെ.പിക്ക് തലവേദനയാകും. എൻ.ഡി.എയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് ചന്ദ്രബാബു വ്യക്തമാക്കി. എന്നാൽ, നിതീഷ് കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എൻ ഡി എ സർക്കാരിനുള്ള കത്ത് നൽകിയ സാഹചര്യത്തിലാണ് തുടർ ചർച്ചകൾക്ക് സാധ്യത മങ്ങിയത്. എന്നാൽ സർക്കാർ രൂപീകരണത്തിന് പ്രാദേശിക കക്ഷികൾ ശ്രമിച്ചാൽ പിന്തുണക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിന്‍റെ കാര്യത്തിലുള്ള ചർച്ചകളിലേക്കാണ് കടന്നത്. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം. 99 സീറ്റുകൾ നേടിയ കോൺഗ്രസിന്‍റെ അവകാശവാദം മുന്നണി യോഗത്തിൽ അംഗീകരിക്കപ്പെടാനാണ് സാധ്യത.