ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. ഹർജി തള്ളിയ കോടതി ബന്ധപ്പെട്ട അധികാരികളോട് കെജ്രിവാളിന് ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്താനും നിർദേശം നൽകി.
കെജ്രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് സ്പെഷ്യൽ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി. ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്രിവാൾ.
സുപ്രീം കോടതി കെജ്രിവാളിന് ജൂൺ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച കെജ്രിവാൾ ജയിലേക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്ന അപേക്ഷ സമർപ്പിച്ചത്.
മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.