ഖത്തറിലെ മുഷെരിബ് ഡൗൺടൗണിന് ഗിന്നസ് റെക്കോഡ്. ലോകത്തിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട് കാർപാർക്കിങ് സൗകര്യം എന്ന റെക്കോർഡാണ് മുഷെരിബ് സ്വന്തമാക്കിയത്. 10,017 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.
ഖത്തറിന്റെ ആസൂത്രിത അത്യാധുനിക നഗരം എന്ന നിലയിൽ ശ്രദ്ധേയമായ മുഷെരിബ് ഡൗൺടൗൺ നിർമാണം കൊണ്ട് ലോകോത്തരമാണ്. ബഹുനില കെട്ടിടങ്ങളുടെ താഴ്ഭാഗത്തായി വിശാല പാർക്കിങ്, വലിയ ജനസാന്ദ്രതയിലും തിരക്ക് അനുഭവപ്പെടാത്ത നിരത്തുകൾ, കാൽനടക്കാർക്കുള്ള നടപ്പാത സൗകര്യങ്ങൾ, മെട്രോയും ട്രാമും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം ഡൗൺ ടൗണിലുണ്ട്.
ആറു നിലകളിലായാണ് 10,000ത്തിലേറെ വാഹനങ്ങൾക്ക് പാർക്കു ചെയ്യാനുള്ള സൗകര്യമുള്ളത്. വാഹന ഡ്രൈവർമാർക്ക് ലഭ്യമായ പാർക്കിങ് ഒഴിവിലേക്ക് വഴികാണിക്കുന്ന ആധുനിക സൗകര്യങ്ങളും, പാർക്ക് ചെയ്തു പോയ ശേഷം തിരികെയെത്തുമ്പോൾ അനായാസം വാഹനം കണ്ടെത്താനുള്ള സൗകര്യങ്ങളുമെല്ലാം ഇവിടെയുണ്ട്. ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് പാർക്കിങ് എന്ന നിലയിൽ മുഷെരിബ് ഡൗൺടൗണിനെ പുരസ്കാരം അർഹരാവുന്നത് മികച്ച അംഗീകാരമാണെന്ന് ഗിന്നസ് വേൾഡ് റെക്കോഡ് ഉദ്യോഗസ്ഥൻ റഫാത് തൗഫിഖ് പറഞ്ഞു.