ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ (ക്യുഎസ്) മികച്ച റാങ്കിംഗ് നേടി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി (എസ്‌ക്യുയു). 92 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 362ാം റാങ്കാണ് യൂണിവേഴ്‌സിറ്റി നേടിയത്. കഴിഞ്ഞ ദിവസമാണ് റാങ്കിംഗ് പ്രസിദ്ധീകരിച്ചത്. തൊട്ടു മുമ്പുള്ള പട്ടികയിൽ 454ാം റാങ്കായിരുന്നു യൂണിവേഴ്‌സിറ്റിക്കുണ്ടായിരുന്നത്. അക്കാദമിക പ്രശസ്തി, എംപ്ലോയർ പ്രശസ്തി, എംപ്ലോയിമെൻറ് ഫലങ്ങൾ, സുസ്ഥിരത എന്നിവ ഉൾപ്പെടെ നിരവധി സൂചകങ്ങളിൽ യൂണിവേഴ്‌സിറ്റി മികവ് പ്രകടിപ്പിച്ചു.
106 രാജ്യങ്ങളിൽ നിന്നുള്ള 5,663 അന്താരാഷ്ട്ര സർവകലാശാലകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് ക്യുഎസ് റാങ്കിംഗ്. 2025 ആഗോള റാങ്കിംഗിൽ 1,503 സർവകലാശാലകളെയാണ് ഉൾപ്പെടുത്തിയത്. 23 പുതിയ സർവകലാശാലകൾ ഈ വർഷം (2024) ചേർത്തു.
അതേസമയം, സുഹാർ യൂണിവേഴ്സിറ്റി പ്രാദേശികമായി രണ്ടാം സ്ഥാനത്തെത്തി. ആഗോള സർവകലാശാലകളുടെ (1001-1200) വിഭാഗത്തിലാണ് യൂണിവേഴ്‌സിറ്റിയെ ഉൾപ്പെടുത്തിയത്. സ്വകാര്യ സർവകലാശാലകളിൽനിന്നും കോളേജുകളിൽ നിന്നുമായി ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ പ്രവേശിച്ച ആദ്യ സ്ഥാപനവും സുഹാർ യൂണിവേഴ്‌സിറ്റിയാണ്.