മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തിൽനിന്ന് രാജി സമർപ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസുമായി വീണ്ടും സംസാരിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തിരഞ്ഞെടുപ്പിലെ തോൽവി കൂട്ടുത്തരവാദിത്വമാണെന്നും പരാജയങ്ങളിൽ തളരാൻ പാടില്ലെന്നും ഷിൻഡെ പറഞ്ഞു.
‘ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുതേടി ലഭിക്കുന്ന വിജയം താൽകാലികമാണ്. ഞാൻ ഉടൻ ദേവന്ദ്രജിയോട് സംസാരിക്കും. ഞങ്ങൾ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. പ്രതിപക്ഷത്തിന്റെ തെറ്റായ അവകാശവാദങ്ങൾ ചെറുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. മൂന്ന് പാർട്ടികളും തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പ്രവർത്തിച്ചു. വോട്ടുവിഹിതം പരിശോധിച്ചാൽ മുംബൈയിൽ മഹാസഖ്യത്തിന് രണ്ടുലക്ഷത്തിലധികം വോട്ടാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞെങ്കിലും വോട്ട് വർധിച്ചു’, ഷിൻഡെ വ്യക്തമാക്കി.
അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രമാണെന്ന് കോൺഗ്രസ്. ഭരണഘടനാ വിരുദ്ധമായ സർക്കാറാണ് ഫഡ്‌നാവിസ് നടത്തുന്നതെന്നും രണ്ട് പാർട്ടികളെ തകർത്താണ് താൻ അധികാരത്തിൽ തിരിച്ചെത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു.
“രാജിവെക്കാനുള്ള ആഗ്രഹം എന്നത് വെറും നാടകമാണ്. ശിവസേനയുടെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും പിരിഞ്ഞുപോയ വിഭാഗങ്ങൾക്ക് (യഥാർഥ) പാർട്ടി ചിഹ്നവും പേരും നൽകുന്നതിന് ഫഡ്‌നാവിസ് ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു. എന്നാൽ ഈ രണ്ട് പാർട്ടികൾ ആരുടേതാണെന്നതിനെ കുറിച്ചാണ് ജനങ്ങൾ ഇപ്പോൾ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി രാജിവെക്കുമോ?” -അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
2019-ല്‍ മഹാരാഷ്ട്രയിൽ 23 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന് ഫഡ്നാവിസ് ബുധനാഴ്ച രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ടയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഫഡ്‌നാവിസ്, പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടായിരുന്നു കത്ത് നൽകിയത്. സംഘടനാതലത്തില്‍ പ്രവര്‍ത്തനം സജീവമാക്കി, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.