ന്യൂഡൽഹി: അയോധ്യ ബി.ജെ.പിയെ തോൽപ്പിച്ചതിൽ അതിശയിക്കാനില്ലെന്ന് തൃണമൂൽ എം.പി അഭിഷേക് ബാനർജി. എൻ.ഡി.എ നിലനിൽക്കുന്നത് ഇളകിയ മണ്ണിലാണെന്നും ഇൻഡ്യ സഖ്യം ഒറ്റക്കെട്ടാണെന്നുമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വോട്ട് ലഭിക്കാൻ അവർ രാമന്റെ പേര് എടുക്കുകയാണെന്ന് ആളുകൾ മനസ്സിലാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അവസരം ലഭിച്ചപ്പോൾ ജനങ്ങൾ എതിർത്ത് വോട്ട് ചെയ്ത് തോൽപ്പിച്ചു.
വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡുകൾ ഹാജരാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് ഭിന്നിപ്പിനെയും വർഗീയ രാഷ്ട്രീയത്തേയും അവർ കൂട്ടുപിടിച്ചത്. വർഗീയ ശക്തികളെ പിഴുതെറിയുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.