Sports

അയർലൻഡിനെ തകർത്തു; ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയതുടക്കം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ജയത്തോടെ തുടക്കമിട്ട് ഇന്ത്യ. അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്തു. അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

ഒരു റൺസുമായി വിരാട് കോലി നിരാശപ്പെടുത്തി. വിരാട് കോലി സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമ 37 പന്തിൽ 52 റൺസ് നേടി. ഋഷഭ് പന്ത് 36 റൺസ് നേടി പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിനെ ഇന്ത്യന്‍ പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അയര്‍ലന്‍ഡ് 16 ഓവറില്‍ കൂടാരം കയറി.

ബാറ്റിംഗ് ദുഷ്‌കമായ പിച്ചില്‍ അര്‍ഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ അയര്‍ലന്‍ഡിന് പോള്‍ സ്‌റ്റെര്‍ലിംഗ് (2), ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏഴാം ഓവറിലെ അവസാന പന്തില്‍ ലോര്‍കന്‍ ടക്കറേയും (10) അയര്‍ലന്‍ഡിന് നഷ്ടമായി. ഹാരി ടെക്ടര്‍ (4), ക്വേര്‍ടിസ് കാംഫര്‍ (12), ജോര്‍ജ് ഡോക്ക്‌റെല്‍ (3), ബാരി മക്കാര്‍ത്തി (0), മാര്‍ക് അഡെയ്ര്‍ (3) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

ജോഷ്വ ലിറ്റില്‍ (14), ബെഞ്ചമിന്‍ വൈറ്റ് (1) എന്നിവരെ കൂട്ടുപിടിച്ച് ഗരെത് ഡെലാനി (27) നടത്തിയ പ്രകടനമാണ് അയര്‍ലന്‍ഡിന് അല്‍പമെങ്കിലും ആശ്വാസമായത്. ഡെലാനി തന്നെയാണ് ടോപ് സ്‌കോറര്‍. റണ്ണൗട്ടായിരുന്നില്ലെങ്കില്‍ 100നപ്പുറമുള്ള സ്‌കോര്‍ അയര്‍ലന്‍ഡിന് നേടാമായിരുന്നു. അര്‍ഷ്ദീപ് നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തു. ബുമ്ര മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഹാര്‍ദിക് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ജയം എളുപ്പമാക്കിയത്. 37 പന്തുകള്‍ നേരിട്ട് 52 റണ്‍സെടുത്ത രോഹിത് കൈക്ക് പന്തുകൊണ്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. മൂന്നു സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വിരാട് കോലിക്ക് അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമാണ് നേടാനായത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – ഋഷഭ് പന്ത് സഖ്യം 54 റണ്‍സ് ചേര്‍ത്ത് മത്സരം വരുതിയിലാക്കി. തുടര്‍ന്ന് 10-ാം ഓവറിനു ശേഷം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 26 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 36 റണ്‍സോടെ പുറത്താകാതെ നിന്ന പന്ത് 12-ാം ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു. സൂര്യകുമാര്‍ യാദവാണ് (2) പുറത്തായ മറ്റൊരു താരം.