India

ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടി ; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികള്‍ക്കും ഇന്‍ഡ്യ സഖ്യത്തിലേക്ക് സ്വാഗതം

ന്യൂഡല്‍ഹി : ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് ഇന്ത്യ സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോ​ഗത്തിന് ശേഷം ഖർ​ഗേ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികള്‍ക്കും എതിരാണ്. മോദിയുടേത് രാഷ്ട്രീയ പരാജയം മാത്രമല്ല, ധാര്‍മ്മിക പരാജയം കൂടിയാണ്. പൊതു ജനാഭിപ്രായത്തെ നിഷേധിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും മോദി നടത്തും എന്നും ഖര്‍ഗെ പറഞ്ഞു. ഇന്‍ഡ്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്നും ഖര്‍ഗെ പറഞ്ഞു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഡിഎംകെ. നേതാവ് ടിആര്‍ ബാലു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍സിപി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എന്‍കെ പ്രേമചന്ദ്രന്‍, ജി ദേവരാജന്‍, ജോസ് കെ മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.