വാഷിങ്ടൻ : നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജ സുനിത വില്യംസും ബുഷ് വില്‍മോറുമാണ് സ്റ്റാര്‍ലൈനറിലെ ബഹിരാകാശ സഞ്ചാരികള്‍. ഇന്ത്യൻ സമയം രാത്രി 8.30ന് ആയിരുന്നു വിക്ഷേപണം. നാളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പത്തു ദിവസത്തിനുശേഷം സഞ്ചാരികൾ മടങ്ങിയെത്തും. സാങ്കേതിക തകരാറുകൾ കാരണം നിരവധി തവണ യാത്ര മുടങ്ങിയിരുന്നു.
മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണ യാത്രയാണിത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്. നിലവിൽ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ ആദ്യ യാത്ര 2006 ഡിസംബർ 9നായിരുന്നു.