Ernakulam

എംഡിഎംഎയുമായി കൊച്ചിയിൽ യുവാവ് പിടിയിൽ

കൊച്ചിയില്‍ വിതരണം ചെയ്യാനാണ് രാസലഹരി എത്തിച്ചതെന്ന് യുവാവ്

കൊച്ചി : കൊച്ചി കുണ്ടന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. 80 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശി ഫാരിസ് ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചത്. കൊച്ചിയില്‍ വിതരണം ചെയ്യാനാണ് രാസലഹരി എത്തിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം, വയനാട്: മീനങ്ങാടി പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസിന് കണ്ട് ഓടിയ മൂന്ന് യുവാക്കളുടെ കൈയ്യിൽ നിന്നും 46 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി. കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന മൂവരും പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് 45.81 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

വയനാട് സ്വദേശികളായ മീനങ്ങാടി കോലംമ്പറ്റ നാലുകണ്ടത്തില്‍ വീട്ടില്‍ കെ. അഖില്‍(22), മുട്ടില്‍, കുട്ടമംഗലം, തടത്തില്‍ വീട്ടില്‍ മുഹമ്മദ് അസ്‌നാഫ്(24), കൃഷ്ണഗിരി, അമ്പലപ്പടി, അഴകന്‍പറമ്പില്‍ വീട്ടില്‍ വിഷ്ണു മോഹന്‍(24) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത്.

ജൂൺ ഒന്നിന് 113.57 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികുടിയിരുന്നു. വയനാട് ജില്ലാ അതിര്‍ത്തികളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമെല്ലാം പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.