തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കും യു.ഡി.എഫിനും വോട്ട് വിഹിതം കുറഞ്ഞു. ബി.ജെ.പിക്ക് മാത്രമാണ് വർധിച്ചത്. വോട്ടിങ് ശതമാനത്തിലും കഴിഞ്ഞ തവണത്തേക്കാൾ (2019) കുറവ് ദൃശ്യമാണ്. പോൾ ചെയ്ത വോട്ടിൽ 5.36 ലക്ഷത്തിന്റെ (5,36,355) കുറവ് ഇക്കുറി വന്നിരുന്നു.
കഴിഞ്ഞ തവണ 2.03 കോടി വോട്ട് പോൾ ചെയ്ത സ്ഥാനത്ത് 1,97,77,478 പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫ് 90,18,752 വോട്ട് നേടിയപ്പോൾ ഇടത് മുന്നണിക്ക് 67,66,061 വോട്ടേ ലഭിച്ചുള്ളൂ. ഇടതിനേക്കാൾ യു.ഡി.എഫ് 22.52 ലക്ഷം വോട്ട് (2252691) അധികം നേടി. എൻ.ഡി.എക്ക് 38,37,003 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ 31.71 ലക്ഷം വോട്ട് നേടിയ അവർ 6,65,211 വോട്ട് വർധിപ്പിച്ചു. യു.ഡി.എഫിന് 6.10 ലക്ഷം വോട്ടും ഇടതിന് 3.90 ലക്ഷം വോട്ടും കുറഞ്ഞു.
യു.ഡി.എഫിന്റെ 47.40 ശതമാനം വോട്ട് വിഹിതം 45.60 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണ 35.22 ശതമാനം ലഭിച്ച ഇടത് മുന്നണിക്ക് 34.21 ശതമാനമായി ചുരുങ്ങി. 15.61 ശതമാനം ഉണ്ടായിരുന്ന എൻ.ഡി.എ വോട്ട് വിഹിതം 19.40 ശതമാനമായി.
തൃശൂരിലെ വിജയവും ചില മണ്ഡലങ്ങളിലെ വോട്ട് വർധനയുമാണ് ബി.ജെ.പി വോട്ടിൽ വർധനക്ക് വഴിയൊരുക്കിയത്. പോൾ ചെയ്ത വോട്ട് അഞ്ചര ലക്ഷത്തോളം കുറഞ്ഞിട്ടും ബി.ജെ.പിക്ക് ആറര ലക്ഷം വർധിച്ചു. 2019ൽ 19 സീറ്റായിരുന്നു യു.ഡി.എഫിനെങ്കിൽ ഇക്കുറി ഒരെണ്ണം നഷ്ടമായി. ഇടതിന് ഒരു മണ്ഡലമേ ഇത്തവണയും ലഭിച്ചുള്ളൂ.
നിയമസഭ മണ്ഡലങ്ങളിൽ കഴിഞ്ഞതവണ 124ൽ യു.ഡി.എഫ് മേൽകൈ നേടിയിരുന്നു. ഇത്തവണ 14 കുറഞ്ഞ് 110ലെത്തി. ഇടത് മുന്നണി 15ൽനിന്ന് 19ലെത്തി. കഴിഞ്ഞ തവണ ഒരിടത്തുമാത്രം ലീഡ് ചെയ്ത ബി.ജെ.പി 11ൽ ഒന്നാമതെത്തി.