അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരാകാതെ കനല്‍ത്തരി ബാക്കിയിട്ട സി.പി.എം തോല്‍വിയുടെ പാപഭാരം പേറാന്‍ ആളെത്തേടി മന്ത്രിസഭയില്‍ വരെ എത്തിയിരിക്കുകയാണ്. സ്വന്തം തെറ്റുകള്‍ മറച്ചുവെക്കാനും, പാര്‍ട്ടിയിലെ കാര്‍ക്കശ്യക്കാരനെന്ന പേര് വിട്ടുകളയാതിരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി നടത്താന്‍ പോകരുന്ന ഉള്‍പാര്‍ട്ടീ സംവിധാനങ്ങളും മന്ത്രിസഭയ്ക്കുള്ളില്‍ നടത്തുന്ന മാറ്റങ്ങളും എന്തൊക്കെയാണെന്ന് കണ്ടുതന്നെ അറിയണം.
പക്ഷെ, ഇതൊന്നുമല്ല, ഭീമന്‍ തോല്‍വിക്കു കാരണമെന്ന് അണികള്‍ക്ക് തിരിഞ്ഞിട്ടുണ്ട്. അത് വരും കാലങ്ങളില്‍ പാര്‍ട്ടിക്കു തന്നെ മനസ്സിലാകും. എന്നാല്‍, ഇപ്പോഴത്തെ തോല്‍വിയുടെ ഭാരം ഏറ്റെടുക്കാന്‍ ആരെങ്കിലും ഉണ്ടോയെന്ന അന്വേഷണം ചെന്നുതട്ടി നില്‍ക്കുന്നത്, ധനമന്ത്രിയുടെ തലയിലാണ്. സര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ ഒരുമിച്ചു വെറുപ്പിച്ചതിനു പ്രധാന കാരണക്കാരന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആണെന്നാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും കണ്ടെത്തല്‍.
അങ്ങനെ വന്നാല്‍, തെറിക്കുന്ന കസേരകളില്‍ ആദ്യത്തേത് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റേത് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പുതിയ ധനമന്ത്രിയായി എം.ബി. രാജേഷിനെ പരിഗണിക്കുമെന്നും പാര്‍ട്ടി സൂചന നല്‍കിക്കഴിഞ്ഞു. സംസ്ഥാനം അടുത്ത കാലത്തായി നേരിടുന്ന ധനപ്രതിസന്ധിയെക്കുറിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ബാലഗോപാലിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് പാര്‍ട്ടി കാരണമായി പറയുന്നത്.
ധനകാര്യ മാനേജ്‌മെന്റില്‍ ബാലഗോപാല്‍ പരാജയപ്പെട്ടു. ഇത് തിരിച്ചടി ആയിട്ടുണ്ട്. ജനങ്ങള്‍ക്ക് ധനപ്രതിസന്ധിയെ കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കാനും മന്ത്രി അമ്പേ പരാജയപ്പെട്ടു എന്നാണ് സിപിഎം പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാതിരുന്നതും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ മുടങ്ങിയതും ധന വകുപ്പിന്റെ പരാജയമായിട്ടാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഐസക്കിന്റെ കാലത്ത് ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുകയ.ും ചെയ്തിരുന്നു. തുടര്‍ഭരണം ലഭിച്ചതിന്റെ കാരണവും മറ്റൊന്നല്ല. എന്നാല്‍, കിട്ടാവുന്നിടത്തു നിന്നെല്ലാം മുന്‍ധനമന്ത്രി തോമസ് ഐസക്ക് കടം വാങ്ങിക്കൂട്ടിയതാണ് ധന തകര്‍ച്ചക്ക് കാരണമെന്നാണ് ബാലഗോപാലിന്റെ വാദം. ഐസക്കിന്റെ കാലത്തേക്കാള്‍ തനത് വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച, തന്റെ കാലത്ത് ഉണ്ടായി എന്ന് ബാലഗോപാല്‍ അടുത്തിടെ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍, തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മന്ത്രിസ്ഥാനത്തിരിക്കാനുള്ള സാധ്യതയെ കുറയ്ക്കുന്നുണ്ട് എന്ന് ബാലഗോപാലിനു തന്നെ ബോധ്യമുള്ള കാര്യമാണ്. അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു. അടിയന്ത്രി ശസ്ത്രക്രീയയും നടത്തിയിരുന്നു. ഇപ്പോള്‍ വിശ്വമത്തിലാണെങ്കിലും, തുടര്‍ന്ന് മന്ത്രിസ്ഥാനത്തിരുന്ന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ നേരെയാക്കാന്‍ കഴിയുമോ എന്ന ആശങ്കയുമുണ്ട്.
അതേസമയം, സ്പീക്കര്‍ കസേരയില്‍ നിന്ന് തദ്ദേശത്തിലെത്തിയ എം.ബി രാജേഷിന്റെ കാലത്താണ് തെരുവ് നായ ശല്യം ഏറ്റവും രൂക്ഷമായത്. തെരുവ് നായ ശല്യം പരിഹരിക്കാന്‍ പോലും കഴിയാത്ത രാജേഷിനെ കൊണ്ട് ധനവകുപ്പ് ഭരിക്കാന്‍ പറ്റുമോയെന്ന് കണ്ടറിയുക തന്നെ വേണം. മാത്രമല്ല, മഴക്കാലമായതോടെ റോഡുകള്‍ തോടുകളായ വിഷയം രൂക്ഷമാി നില്‍ക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിദേശ പര്യടനം. ഇതും പ്രതികൂലമായി ബാധിച്ചിരുന്നു.
പക്ഷെ, ആലത്തൂരില്‍ നിന്നും ലോക് സഭയിലേക്ക് ജയിച്ച മന്ത്രി കെ. രാധാകൃഷ്ണന് പകരം മന്ത്രി സ്ഥാനത്തേക്ക് ശാന്തകുമാരി, കേളു, സച്ചിന്‍ ദേവ്, ശ്രീനിജന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. വീണ ജോര്‍ജ്, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും. വനത്തിന്റെ ചുമതല ഗണേശിനെ ഏല്‍പിച്ച് ഗതാഗതം ശശീന്ദ്രന് നല്‍കും.
പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും ഭരണ വിരുദ്ധ വികാരമാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മുഖം മിനുക്കിയില്ലെങ്കില്‍ തദ്ദേശത്തിലും നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാകുമെന്ന് കണ്ടാണ് ശക്തമായ തീരുമാനത്തിലേക്ക് കടക്കുന്നത്. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതെല്ലാം കൊണ്ട് നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വലിയ അടിയുടെ ചൂട് കുറയുമോ എന്നാണ് കണ്ടറിയേണ്ടത്.