UAE

യുഎഇയില്‍ എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി വിമാന കമ്പനികള്‍

യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി വിമാന കമ്പനികള്‍. യുഎഇ യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നീക്കം. സമീപ കാലത്തായി യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ തരിച്ചയച്ച പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎഇയിലേക്ക് സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാന്‍ ഹോട്ടല്‍ റിസര്‍വേഷന്‍
ചെയ്തതിന്റെ രേഖ, യാത്രാ കാലയളവില്‍ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിര്‍ദേശം.

രാജ്യത്തേക്ക് ഒരു മാസത്തെ വിസയില്‍ എത്തുന്നവര്‍ 3000 ദിര്‍ഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവര്‍ 5000 ദിര്‍ഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ കൈവശം അവരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. ഇന്ത്യന്‍ വിമാന കമ്പനികളായ ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് ട്രാവല്‍ ഏജന്റുമാര്‍ക്ക് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയത്.