Kerala

മലയാളം പറയാന്‍ അറിയാത്ത പൊട്ടന്‍:ജോര്‍ജ്ജച്ചായന്‍ വാ തുറന്നു; ഇനി എന്തു സംഭവിക്കുമെന്ന് കണ്ടറിയണം കോശീ..

നല്ല മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ അച്ഛന്‍ എ.കെ ആന്റണിക്കു പോലും പറ്റുന്നില്ല എന്നത് കേരളം മുഴുവന്‍ അറിയാവുന്ന കാര്യമാണ്. എന്നാല്‍, ഭരണപരമായും, രാഷ്ട്രീയപരമായും അദ്ദേഹം ഉന്നതിയിലായിരുന്നു. പക്ഷെ മകനോ. നേരേ ചൊവ്വേ മലയാളം പോലും സംസാരിക്കാനറിയില്ല. അച്ഛന്റെ തണല്‍പറ്റി വളര്‍ന്ന തകരയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ടും, അതിന്റെ ഗുണത്തില്‍ ബി.ജെ.പി സീറ്റു കൊടുക്കുകയും ചെയ്തു.

നരേന്ദ്രമോദി നേരിട്ടുവന്ന് തെരഞ്ഞടുപ്പു പ്രചാരണത്തില്‍ പങ്കെടുത്തു. ആശീര്‍വദിച്ചു. എന്നിട്ടും പച്ചതൊടാന്‍ അനില്‍ ആന്റണിക്കു കഴിഞ്ഞില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തോല്‍വിയില്‍ പിസി ജോര്‍ജ് പ്രതികരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാന്‍ പറ്റാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പിസി ജോര്‍ജ് പറയുന്നത്.

തോമസ് ഐസക്ക് മുന്‍ ധനകാര്യമന്ത്രിയെന്ന നിലയില്‍ ജനകീയനാണ്. ആന്റോ ആന്റണി ഇവിടെ സിറ്റിംഗ് എംപിയാണ്, മൂന്ന് തവണ. എന്നാല്‍ ആരുമായും ബന്ധമില്ലാത്ത ഒരു ആളാണ് അനില്‍ ആന്റണിയെന്നും അദ്ദേഹം പറയുന്നു.’തൃശൂരിലെ ക്രിസ്ത്യന്‍ സമുദായം മുഴുവന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. തിരുവനന്തപുരത്ത ലാറ്റിന്‍ ക്രിസ്ത്യന്‍ സമൂഹം ഒഴിച്ച് ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ബിജെപിക്ക് അനുകൂല തരംഗമുണ്ടായി.

എന്നാല്‍ ആ തരംഗം പൂര്‍ണമായും മുതലാക്കാന്‍ പത്തനംതിട്ടയ്ക്ക് കഴിഞ്ഞില്ല. കാരണം, നമ്മുടെ സ്ഥാനാര്‍ത്ഥിയ്ക്ക് വന്ന ഒരു അപാകതയാണ്. ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. സംഭവിച്ചുപോയി’. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നതില്‍ സംസ്ഥാന നേതൃത്വത്തിന് അവകാശപ്പെടാനുണ്ടോ എന്ന ചോദ്യത്തിനും പിസി ജോര്‍ജ് മറുപടി നല്‍കി. ‘കെ സുരേന്ദ്രന്‍ നല്ല നേതൃപാഠവമുള്ള നേതാവാണ്. വളരെ ശക്തരായ ഒട്ടേറെ നേതാക്കള്‍ ബിജെപിയിലുണ്ട്.

അവര്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോയാല്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 30ല്‍ കൂടുതല്‍ സീറ്റ് ബിജെപി നേടിയെടുക്കുമെന്നും പിസി ജോര്‍ജ്ജ് പറയുന്നു. അതേസമയം, പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നിട്ടും പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറഞ്ഞത് ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പതിനാലായിരത്തിലേറെ വോട്ടുകളാണ് ഇത്തവണ എന്‍ഡിഎയ്ക്ക് നഷ്ടമായത്.

ഇത്തവണ പൂഞ്ഞാറില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിച്ചത് 27,053 വോട്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന് 41851 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ മറ്റ് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. എന്‍ഡിഎയ്ക്ക് 2021 നിയമസഭയില്‍ 1,99,159 വോട്ടാണ് അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ നിന്നു ലഭിച്ചത്. ഇത്തവണ എന്‍ഡിഎ വോട്ട് 2,34, 406 ആയി ഉയര്‍ന്നു. ശബരിമല വിഷയം ചര്‍ച്ചയായ 2019ല്‍ ലഭിച്ചത് 2,97, 396 വോട്ടാണ്.

ഇത്തവണ അറുപതിനായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു. എന്നാല്‍, എന്‍ഡിഎയുടെ അടിസ്ഥാന, രാഷ്ട്രീയ വോട്ടുകള്‍ കുറഞ്ഞിട്ടില്ലെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പി.സി ജോര്‍ജ് ബിജെപിയിലേക്കു പോയത്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനു മുമ്പു വരെ ജോര്‍ജ്ജച്ചായന് പ്രതീക്ഷയുണ്ടായിരുന്നതാണ്. എന്നാല്‍, പിന്നീട് ആ പ്രതീക്ഷ മാറ്റിവെച്ചു.

ഇതുവരെയും കടിച്ചു പിടിച്ച് നില്‍ക്കുകയായിരുന്നു. എന്തെങ്കിലും പറയാന്‍ കഴിയാത്ത വിമ്മിഷ്ടം അദ്ദേഹത്തിനുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സ്ഥാനാര്‍ത്ഥിയായില്ലെങ്കിലും തന്നെ, പ്രധാനമന്ത്രി വന്നപ്പോള്‍ സ്‌റ്റേജിലിരുത്താനെങ്കിലും ക്ഷണിക്കാമായിരുന്നു. തന്റെ തട്ടകത്തില്‍ കൊച്ചുപച്ചനെ കൊണ്ടു നിര്‍ത്തിയെന്ന ജാള്യത ജോര്‍ജ്ജച്ചായനുണ്ടായിരുന്നു.

പക്ഷെ, അത് പുറത്തുകാട്ടാതെ ഇതുവരെ പിടിച്ചു നിന്നു. ഒരു പൊട്ടിത്തെറി പോലെയാണ് പി.സി ജോര്‍ജ്ജിന്റെ വാക്കുകള്‍ വന്നിരിക്കുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള എറിയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പൂഞ്ഞാറിന്റെ സ്വന്തം പി.സി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ ഉടുപ്പു തുന്നിക്കഴിഞ്ഞു എന്നു വേണം കരുതാന്‍. അവിടേക്ക് മറ്റൊരാളെയും കൊണ്ടുവരാന്‍ ആരും മെനക്കെടേണ്ടതില്ല എന്ന സന്ദേശമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.