ഒമാനിലെ തൊഴിലില്ലായ്മ നിരക്ക് 2.6 ശതമാനമായി കുറഞ്ഞു.2024 മാർച്ചിൽ 2.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് ഏപ്രിൽ അവസാനത്തോടെ 2.6 ശതമാനമായി കുറഞ്ഞത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്
പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 1.1 ശതമാനമായി കുറഞ്ഞു. മാർച്ചിൽ ഇത് 1.2 ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കുറഞ്ഞു. മാർച്ചിലെ 9.2 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.3 ശതമാനമായി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴും കൂടുതലാണ്.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ ഇടയിലും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. ഹയർ സെക്കൻഡറി ഡിപ്ലോമയുള്ളവരുടെ നിരക്ക് 9.2 ൽ നിന്ന് 8.5 ശതമാനമായും ബിരുദധാരികളുടെ നിരക്ക് 8 ൽ നിന്ന് 7.3 ശതമാനമായും കുറഞ്ഞു. ജനറൽ വിദ്യാഭ്യാസ ഡിപ്ലോമയുള്ളവരുടെ നിരക്കും 3.8 ൽ നിന്ന് 3.6 ശതമാനമായി കുറഞ്ഞു. മാസ്റ്റർ ബിരുദം/പിഎച്ച്ഡി ഉള്ളവരുടെ നിരക്ക് ഏപ്രിലിൽ 0.6 ശതമാനമായി, മാർച്ചിൽ ഇത് 0.7 ശതമാനമായിരുന്നു.
ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്നത് 15-24 വയസ്സ് പ്രായപരിധിയിലുള്ളവരാണ്. 8.6 ശതമാനമാണിത്. രണ്ടാമതായി 25-29 വയസ്സ് പ്രായപരിധിയിലുള്ളവരാണ.് 5.3 ശതമാനമാണിത്. പ്രായം കൂടിയവർക്കിടയിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ്. 30-34 വയസ്സ് പ്രായപരിധിയിൽ 2.7 ശതമാനവും, 35-39ൽ 1.4 ശതമാനവും, 40 വയസ്സിനു മുകളിൽ 0.6 ശതമാനവുമാണ് നിരക്ക്.
ഏപ്രിൽ അവസാനത്തിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ മുസന്ദം, ദാഹിറ ഗവർണറേറ്റുകളിലാണ്. 4.9 ശതമാനമാണ് ഇവിടത്തൈ തൊഴിലില്ലായ്മ നിരക്ക്. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന (3.5%), ബുറൈമി (3.4%), ദാഖിലിയ (3.3%), സൗത്ത് ശർഖിയ (3%), നോർത്ത് ശർഖിയ (2.8%), ദോഫാർ (2.3%), മസ്‌കത്ത് (1.2%) അൽ വുസ്ത (1.1%) എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിലെ തൊഴിലില്ലായ്മ നിരക്ക്.