ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയം ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. മെയ് 31ന് ഓഹരി വിപണിയില്‍ വന്‍ നിക്ഷേപം നടന്നു. ജൂണ്‍ നാലിന് വിപണി തകര്‍ന്നപ്പോള്‍ വന്‍ നഷ്ടമുണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരികള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. സംയുക്ത പാര്‍ലമെന്ററി സമിതി ഈ തട്ടിപ്പ് അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിട്ട ഫലമായിരുന്നു ജൂണ്‍ നാലിന് പുറത്തുവന്നത്. അന്നേ ദിവസം നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. വന്‍ അഴിമതിയാണ് ഓഹരി വിപണിയില്‍ ബിജെപി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ സ്റ്റോക്ക് മാര്‍ക്കറ്റിനുവേണ്ടി എക്‌സിറ്റ് പോളുകള്‍ തെറ്റായി വരുത്തിത്തീര്‍ത്തു. ഓഹരി വിപണിയില്‍ല തിരിമറി നടത്താന്‍ എക്‌സിറ്റ് പോളുകള്‍ ഉപയോഗിച്ചു. ചില പ്രത്യേക കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ പ്രധാനമന്ത്രി പ്രേരിപ്പിച്ചു. ചെറുപ്പക്കാര്‍ക്ക് കോടികളാണ് ഓഹരി നിക്ഷേപത്തിലൂടെ നഷ്ടമായത്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും രാഹുല്‍ പറഞ്ഞു.
‘ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തി. ഓഹരി വിപണി വലിയ വേഗത്തില്‍ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുതിക്കുമെന്നും ഇപ്പോള്‍ നിക്ഷേപിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സമാനപ്രസ്താവനയായിരുന്നു ധനമന്ത്രിയുടേതും. ജൂണ്‍ നാലിന് മുമ്പ് ഷെയറുകള്‍ വാങ്ങാന്‍ അമിത് ഷാ നിര്‍ദേശിച്ചു. ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് മേയ് 19-ന് മോദി പറഞ്ഞു’, രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് 200-220 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ഇന്റല്‍ ഏജന്‍സീകള്‍ പറഞ്ഞത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് ശേഷം ഓഹരി വിപണി കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരും എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലെ ബന്ധം അന്വേഷിക്കണം. ഇത് അദാനിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. എക്‌സിറ്റ് പോളിന് തലേദിവസത്തെ സംശയാസ്പദമായ വിദേശ നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.