ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് അൽ താനിയെ അറബ് ഡവലപ്‌മെന്റ് കൗൺസിൽ ഫോർ വിമൻ ആൻഡ് ബിസിനസ്സിന്റെ 2023ലെ ഏറ്റവും പ്രമുഖ അറബ് വനിതയായി തിരഞ്ഞെടുത്തു. അവരുടെ നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങൾക്കും, വിവിധ വികസന മേഖലകളിലെ സാമൂഹിക പ്രവർത്തനങ്ങൾക്കുമാണ് അംഗീകാരം ലഭിച്ചത്. ബെയ്‌റൂട്ടിലെ എംബസിയിൽ നടന്ന ചടങ്ങിൽ ലെബനനിലെ ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
അറബ് ഡെവലപ്‌മെന്റ് കൗൺസിൽ ഫോർ വിമൻ ആന്റ് ബിസിനസ്സ് പ്രസിഡന്റ് ഡോ. ഇമാൻ ഗൊസൈനെയും അവരുടെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ശൈഖ അൽ മയാസ്സയ്ക്ക് വേണ്ടി പ്രസിഡന്റ് ഘോസൈനിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ ശൈഖ് സൗദ് പറഞ്ഞു.
വികസനത്തിലും സർഗാത്മകതയിലും ഖത്തറിലെ വനിതാ നേതാക്കളുടെ സംഭാവനകളെയാണ് ഈ ബഹുമതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് ലോകത്തും ആഗോളതലത്തിലും സ്ത്രീകളുടെ പുരോഗതിക്ക് സംഭാവന നൽകി, അറബ് സ്ത്രീകൾക്ക് അതുല്യ മാതൃകയായി കണക്കാക്കപ്പെടുന്ന ഷെയ്ഖ അൽ മയാസ്സയോട് ഡോ. ഘോസൈൻ അഭിനന്ദനവും നന്ദിയും അറിയിച്ചു. സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പയനിയറിംഗ് സ്വാധീനമുള്ള മാതൃകാപരമായ അറബ് വനിതയാണ് ശൈഖ അൽ മയാസ്സയെന്ന് ഡോ. ഘോസൈൻ പറഞ്ഞു. വിവിധ പ്രാദേശിക, അന്തർദേശീയ സംഘടനകളെ പിന്തുണയ്ക്കുന്നതിൽ അവർ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഖത്തറിലെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും, അറബികളുടെ ചരിത്രപരമായ പൈതൃകം ശക്തിപ്പെടുത്തുന്നതിനുമുള്ള ഷെയ്ഖ അൽ മയാസ്സയുടെ അശ്രാന്ത പരിശ്രമങ്ങളും സംരംഭങ്ങളും ഘോസൈൻ എടുത്തുപറഞ്ഞു.