മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. കഴിഞ്ഞ കുറേവര്‍ഷമായി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഇടവേള ബാബു അടുത്തിടെ പദവിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.അമ്മ സംഘടനയെക്കുറിച്ചും ഇടവേള ബാബുവിന്റെ പിന്‍മാറ്റത്തെക്കുറിച്ചും നടന്‍ ടിനി ടോം പറുയന്ന വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് ടിനിടോം. ആറ് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് ടിനി. അമ്മയില്‍ പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ അത് ഒരു സേവനമാണെന്നും ടിനി ടോം പറയുന്നു. അമ്മ സംഘടനയില്‍ എക്‌സിക്യൂട്ടീവിലേക്ക് വരിക എന്ന് പറഞ്ഞാല്‍ അതൊരു ചാരിറ്റി പ്രവര്‍ത്തനമാണ്. നമ്മുടെ കൈയ്യില്‍ നിന്ന് കാശെടുത്ത് വണ്ടിക്ക് ഡീസലടിച്ചിട്ട്, നമ്മുടെ സമയം കളഞ്ഞ് അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. ഇതൊരു ഗ്ലാമര്‍ ആണെന്ന് വിചാരിക്കരുത്.
ആറ് വര്‍ഷമായി ഞാന്‍ ഈ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ചെയ്യുന്നതില്‍ ഏറ്റവും നന്മയുള്ള പ്രവൃത്തി എന്ന് പറയുന്നത് അമ്മയുടെ കൂടെ നിന്നിട്ട് നമ്മളെ മറന്നു പോയ, അല്ലെങ്കില്‍ 504 അംഗങ്ങളില്‍ നൂറ് പേര്‍ മാത്രമായിരിക്കും സൗകര്യങ്ങളോട് കൂടി ജീവിക്കുന്നുണ്ടാവുക. നമ്മുടെ ഓര്‍മകളിലുള്ള, എന്നാല്‍ ജനങ്ങള്‍ മറന്നു പോയ കഷ്ടപ്പെടുന്നവരുടെ വീട്ടില്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ അതിന്റെ ഭാഗമാകാന്‍ ആണ് ഇതുവഴി ചെയ്യുന്നത്. അവര്‍ക്ക് പറയാനും പറ്റില്ല ഇങ്ങനെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന്. അമ്മയുടെ മീറ്റിംഗിന് വരുമ്പോള്‍ നല്ല പള പള എന്ന് മിന്നുന്ന ഡ്രസ് ഒക്കെ ഇട്ടിട്ടേ വരികയുള്ളു. അങ്ങനെയല്ലേ വരാന്‍ പറ്റുള്ളു. നമ്മള്‍ ഖത്തറില്‍ ഇപ്പോള്‍ ഷോ ചെയ്തു. പത്ത് പൈസ നമുക്ക് പൈസ കിട്ടിയിട്ടല്ല ഇതൊന്നും ചെയ്യുന്നത്.
ചിലപ്പോള്‍ നമുക്ക് നല്ല പൈസ കിട്ടുന്ന പരിപാടി കളഞ്ഞിട്ടായിരിക്കും ഇതിന് വരുന്നുണ്ടാവുക. ഇതൊന്നും നഷ്ടമല്ല, ഇതൊക്കെ നമുക്ക് ഇരട്ടിയായി തിരിച്ച് കിട്ടും എന്നാണ് വിചാരിക്കുന്നത് എന്നും ടിനി ടോം പറഞ്ഞു. ഇടവേള ബാബു അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനെക്കുറിച്ചും ടിനിടോം പറഞ്ഞു. ദാസേട്ടന്‍ ഇല്ലാതെ മലയാള സിനിമയിലെ പാട്ടിനെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമായിരുന്നില്ലല്ലോ. പക്ഷെ എത്രയോ പുതിയ ഗായകര്‍ വന്നില്ലേ എന്നാണ് ടിനിടോം ചോദിച്ചത്. 25 വര്‍ഷമായില്ലേ ഞാന്‍ ഇതേ പദവിയില്‍ ഇരിക്കുന്നു. പുതിയ ആള്‍ക്കാര്‍ വരണ്ടേ എന്ന് അദ്ദേഹം തന്നെ തന്നോട് ചോദിച്ചുവെന്നും ടിനി പറഞ്ഞു. നൂറിലേറെ പേര്‍ക്ക് കൈനീട്ടം എന്ന് പറഞ്ഞ് പൈസ പോകുന്നുണ്ട്. ഇന്‍ഷുറന്‍സ് പോകുന്നുണ്ട്. ഇതെല്ലാം നോക്കി ചെയ്തുകൊണ്ടിരുന്നത് ഇടവേള ബാബുവാണ്.
ഒരു ബാങ്കില്‍ വര്‍ക്ക് ചെയ്താല്‍ ഇന്നതാണ് ജോലി എന്ന് അറിയാം. അമ്മയില്‍ വര്‍ക്ക് ചെയ്യുക എന്ന് പറഞ്ഞാല്‍ അതിലെ ഓരോ വ്യക്തികളെക്കുറിച്ചും അവരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും അവരുടെ രോഗത്തെക്കുറിച്ചും ഒക്കെ അറിയുന്നവരാവുക എന്നാണ്. തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ ഇവിടുന്ന് റീത്തുമായി പോകണം. അവിടുന്ന് മുതല്‍ ജോലി തുടങ്ങുകയാണ്. ആറ് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ട് തന്നെ അതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം. പെട്ടെന്ന് ഒരു മാറ്റം വന്നാല്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും. സംഘടനയുടെ ആവശ്യം വരുന്നത് എന്ന് പറഞ്ഞാല്‍ ഒരു വീഴ്ച വരുമ്പോഴൊക്കെയാണ്. അല്ലെങ്കില്‍ നമ്മള്‍ ഇങ്ങനെ പോയിക്കൊണ്ടിരിക്കും. ഇന്‍ഡസ്ട്രി നിലനില്‍ക്കുന്നത് തന്നെ മമ്മൂക്ക ലാലേട്ടന്‍ എന്നിവരിലൂടെയാണ്. അവര്‍ നമ്മളെ കൈയ്യൊഴിഞ്ഞിട്ട് അങ്ങനെ പോവുകയൊന്നുമില്ല. നമ്മളില്ല. നിങ്ങള്‍ എന്തെങ്കിലും ആയിക്കോളൂ എന്നൊന്നും പറഞ്ഞിട്ട് അവര്‍ പോകില്ല.