കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പേരാമ്പ്ര പൊലീസ്. 5000 പേജുള്ള കുറ്റപത്രം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്.
കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിൽ മുജീബ് റഹ്മാൻ്റെ ഭാര്യയാണ് കേസിൽ രണ്ടാം പ്രതി.
2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ പ്രതി ലിഫ്റ്റ് നൽകാനെന്ന വ്യാജേന യുവതിയെ വാഹനത്തിൽ കയറ്റി. തുടർന്ന് സമീപത്തെ തോട്ടിൽ കൊണ്ടുപോയി മുക്കിക്കൊന്ന് ആഭരണങ്ങളടക്കം കവർച്ച നടത്തിയതാണ് കേസ്.
കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്.
പ്രതിയുടെ പേരിൽ 52ലധികം ക്രിമിനൽ കേസുകളുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.