ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ മതേതര ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതും വെറുപ്പിനും വിദ്വേഷത്തിനും എതിരായ ജനഹിതത്തിന്റെ വിജയവുമാണെന്ന് പ്രവാസി വെൽഫെയർ സലാല. മൃഗീയ ഭൂരിപക്ഷം അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും വിളമ്പിയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങളെയല്ലാം ചൊൽപ്പടിയിൽ നിർത്തിയിട്ടും ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല എന്നത് സഹവർത്തിത്വവും സമാധാനവും ആഗ്രഹിക്കുന്ന സാധാരണ മനുഷ്യരുടെ ജാഗ്രതയുടെ ഫലമാണ്. അതിനുമപ്പുറം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയ ഇന്ത്യ സഖ്യത്തിന്റെ വിജയവും ആണ്.രാഷ്ട്രീയ കരുനീക്കങ്ങൾക്കായി വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയാണ് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ പരാജയം.
അഴിമതിയും സ്വജന പക്ഷപാതിത്വവും,കർഷക വിരുദ്ധതയും, കോർപ്പറേറ്റ് ദാസ്യവും മുഖമുദ്രയാക്കിയ ബിജെപി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾക്ക് കൂച്ചുവിലങ്ങിടുവാനും ജനവിരുദ്ധ നയങ്ങളെ തിരുത്തുവാനും ബുൾഡോസർ രാജിനെതിരെ ശക്തമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുവാനും ഇന്ത്യാസഖ്യത്തിന് സാധിക്കേണ്ടതുണ്ടെന്ന് പ്രവാസി വെൽഫെയർ വർക്കിംഗ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.