ഉത്തരകാശി: ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി ട്രക്കിംങ് സംഘത്തിലെ രണ്ട് മലയാളികളടക്കം 5 പേർ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ സംഘമാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റിയത്. ഇവരെ കണ്ടെത്തുന്നതിനായി ഇന്നലെ ആരംഭിച്ച തിരച്ചില്‍ ഇന്നും തുടർന്നു.
രക്ഷാപ്രവർത്തനം തുടരുന്നതിനാല്‍ 13 ട്രെക്കർമാരെ രക്ഷപ്പെടുത്തി. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്നു സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.
നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ 13 പേരെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 22 സംഘം കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ട്രക്കിങിനു പോയത്.
കനത്ത മഞ്ഞു വീഴ്ചയും കൊടും കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കർണാടക സർക്കാർ, ഇന്ത്യൻ എയർഫോഴ്‌സ്, ഉത്തരകാശി ജില്ലാ ഭരണകൂടം, ഉത്തരാഖണ്ഡ് സർക്കാർ, കേന്ദ്ര ആഭ്യന്തര വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശയുടെ ഭർത്താവ് എസ്. സുധാകർ ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉത്തരാഖണ്ഡിലെത്തിയിരുന്നു. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. ട്രക്കിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ചയോടെ ബെംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം.
രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് ഉദ്യോഗസ്ഥരെയും രണ്ട് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. മാറ്റ്ലി ഹെലിപാഡില്‍ ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്.