കൊല്‍ക്കത്ത: നായകന്‍ സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഛേത്രിയുടെ അവസാന മത്സരം കാണാന്‍ അന്‍പതിനായിരത്തിലേറെ കാണികളാണ് സാള്‍ട്ട്‌ലേക്കിലെത്തിയത്. ഛേത്രിയുടെ ഓരോ ടച്ചും അവര്‍ നിറഞ്ഞ കൈയടികളാല്‍ ആവേശകരമാക്കി.
ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിംഗിലെ പോരായ്മമൂലും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതിരുന്നതോടെ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസത്തിന് വിജയമധുരത്തോടെ വിട പറയാന്‍ ഇന്ത്യക്കായില്ല. മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ഛേത്രി വിടവാങ്ങിയത്.
അവസാന മിനിറ്റുകളില്‍ കുവൈറ്റ് ഇന്ത്യന്‍ ബോക്സില്‍ ഭീതി ഉയര്‍ത്തിയപ്പോള്‍ ഇഞ്ചുറി ടൈമിലാണ് ഇന്ത്യ കുവൈറ്റ് ബോക്സിലെത്തി ചെറുതായെങ്കിലും ഒന്നു പേടിപ്പിച്ചത്. മത്സരത്തിനൊടുവില്‍ ഗ്യാലറിയെ അഭിവാദ്യം ചെയ്ത സുനില്‍ ഛേത്രി ഇന്ത്യൻ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ചു.
കുവൈത്തിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിർണായകമായി. അവസാന മത്സരത്തിൽ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല. കുവൈത്തിനാകട്ടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും. അവസാന മിനിറ്റുകളിൽ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ഇന്ത്യ വിജയം കൈവിടുകയായിരുന്നു. നേരത്തെ കുവൈത്തിനെതിരെ ആദ്യപാദത്തിൽ നീലപട ജയം നേടിയിരുന്നു.
സമനിലയോടെ ഗ്രൂപ്പ് എയില്‍ അഞ്ചു കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാലു കളികളില്‍ നിന്ന് 12 പോയന്റുമായി ഖത്തറാണ് ഒന്നാമത്.