പരിസ്ഥിതിക്ക് ഊന്നൽ നൽകുന്ന കൂടുതൽ പദ്ധതികളുമായി മുന്നേറാൻ ദുബൈ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ വായു ഗുണമേന്മ പരിശോധന കേന്ദ്രം ദുബൈയിൽ തുറന്നു. 101 തരം വായു മലിനീകരണങ്ങൾ കണ്ടെത്താൻ നിരീക്ഷണ കേന്ദ്രത്തിനാകും. ദുബൈ ജബൽ അലിയിലാണ് വായു ഗുണമേൻമ പരിശോധനാ കേന്ദ്രം ആരംഭിച്ചത്.
‘ദുബൈ ജീവിത ഗുണമേന്മ നയം 2033’ന്റെ ഭാഗമായുള്ള ആദ്യ കേന്ദ്രം കൂടിയാണിത്. 20 ലക്ഷം ദിർഹം ചെലവിട്ടാണ് നിർമാണം. വ്യവസായ, ചരക്കുനീക്ക പ്രവർത്തനങ്ങൾ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി വിലയിരുത്താനാകും. ഇതിലൂടെയാകും ദേശീയ, പ്രാദേശിക പരിസ്ഥിതി നയം രൂപപ്പെടുത്തുക. നഗരവാസികളുടെ ജീവിത ഗുണമേന്മ വർധിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നീക്കങ്ങളുടെ ഭാഗമാണ് നിരീക്ഷണ കേന്ദ്രം.
16 ചതുരശ്ര മീറ്ററിൽ 11 സെൻസറുകൾ ഉൾക്കൊള്ളുന്ന ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്താൻ സാധിക്കുമാണ് അധികൃതർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രത്തിന് കഴിയുമെന്ന് ആസൂത്രണ, വികസന വകുപ്പ് സി.ഇ.ഒ എൻജിനീയർ അബ്ദുല്ല ബെൽഹൂൽ പറഞ്ഞു.