ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഓഹരി കുംഭകോണ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം തെറ്റെന്ന് ബിജെപി നേതാവ് പീയൂഷ് ഗോയൽ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും മാർക്കറ്റിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമെന്നും പീയൂഷ് ഗോയൽ പ്രതികരിച്ചു.
ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ആദ്യമായി വിപണി മൂല്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ കടന്നു. ഇന്ത്യയുടെ ഇക്വിറ്റി മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു.
മോദി സർക്കാർ മൂന്നാമതും വരുന്നതിൽ രാഹുൽ നിരാശനാണ്. മോദിയും അമിത് ഷായും സർക്കാർ വരും എന്നാണ് പറഞ്ഞത്. അത് സ്വാഭാവികമാണ്. അത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും ഗോയൽ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് മോദിയും അമിത് ഷായും നിര്‍മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഓഹരി വിപണിയില്‍ കൃത്രിമം കാണിക്കാന്‍ ബി.ജെ.പി. നേതാക്കള്‍ ശ്രമിച്ചുവെന്നും ഇത് ഓഹരി കുംഭകോണമാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.