വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് ഷാർജ പൊലീസും എമിറേറ്റിലെ വിവിധ വകുപ്പുകളും. അടുത്തിടെ രൂപപ്പെട്ട മഴക്കെടുതി മുൻനിർത്തിൽ നഗരത്തിൽ ഒരുക്കേണ്ട ബദൽ സംവിധാനങ്ങളും യോഗത്തിൽ ചർച്ചയായി.
ഷാർജയിലെ പൊലീസ് സയൻസ് അക്കാദമി സംഘടിപ്പിച്ച ചർച്ചയിലാണ് രാജ്യത്തെ വടക്ക് കിഴക്കൻ എമിറേറ്റുകളിലെ സാഹചര്യം ചർച്ച ചെയ്തത്. പ്രളയ ദുരന്തം നേരിടാൻ അടിയന്തിര പദ്ധതികൾ വികസിപ്പിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ നിർദ്ദേശിച്ചു. ഷാർജ പൊലീസ് മേധാവിയും പൊലീസ് സയൻസ് അക്കാദമി വൈസ് ചെയർമാനുമായ മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. ഷാർജ പൊലീസ് ഉപ മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമിർ, സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്‌മെന്റ് മേധാവി ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസ്മി, നഗരകാര്യ വകുപ്പ് മേധാവി ശൈഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസ്മി തുടങ്ങിയവർ പങ്കെടുത്തു.