പത്തനംതിട്ട: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന. സ്വകാര്യ പ്രാക്ടീസ് കണ്ടെത്താനാണ് പരിശോധന. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് പരിശോധന നടക്കുന്നത്.
പത്തനംതിട്ടയിൽ പരിശോധനക്കെത്തിയപ്പോൾ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിത ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്. ആറ് ഡോക്ടർസിനെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും.
മാനദണ്ഡം ലംഘിച്ചാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. കൊമേഴ്‌സ്യല്‍ കെട്ടിടത്തിലാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നത്.
ഓപ്പറേഷന്‍ പ്രൈവറ്റ് പ്രാക്ടീസ് പ്രകാരമായിരുന്നു പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നാല് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറുടെ വീട്ടിലും പരിശോധന നടന്നു. സ്വകാര്യ പ്രാക്ടീസ് നടത്തുന്നയിടങ്ങളില്‍ ഡോക്ടര്‍മാരെ കാണാന്‍ നിരവധി രോഗികള്‍ എത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വിജലന്‍സ് സര്‍ക്കാരിന് കൈമാറും.
സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല. അങ്ങനെ ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള പരിശോധനയാണ് വിജിലൻസ് നടത്തിയത്.