Sports

പാകിസ്ഥാനെ വിറപ്പിച്ച് യുഎസ്; വിജയലക്ഷ്യം 160 റൺസ്

ഡാലസ്: ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ പാകിസ്താനെ വിറപ്പിച്ച് ആതിഥേയരായ യുഎസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീഴ്ത്തിയ നോസ്തുഷ് കെന്‍ജിഗെയും രണ്ടു വിക്കറ്റെടുത്ത സൗരഭ് നേത്രാവാള്‍ക്കറുമാണ് പാക് ബാറ്റിങ്‌നിരയെ തകര്‍ത്തത്.

43 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഷദാബ് ഖാന്‍(25 പന്തില്‍ 40) അവസാന ഓവറുകളില്‍ ഷഹീൻ ഷാ അഫ്രീദി(16 പന്തില്‍ 23) എന്നിവരുടെ ബാറ്റിംഗാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തിലെ തകര്‍ന്നു. രണ്ടാം ഓവറില്‍ ഓപ്പണര്‍ മുഹമ്മഹ് റിസ്‌വാനെ(8 പന്തില്‍ 9)മടക്കിയ നേത്രാവല്‍ക്കറാണ് പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസം ഒരറ്റത്ത് ഉറച്ചു നിന്നെങ്കിലും പവര്‍ പ്ലേയില്‍ പേസും സ്വിംഗും കൊണ്ട് അമേരിക്കന്‍ പേസര്‍മാര്‍ പാകിസ്ഥാനെ വട്ടം കറക്കി. ഉസ്മാന്‍ ഖാന്‍(3), ഫഖര്‍ സമന്‍(7 പന്തില്‍ 11) എന്നിവരെ കൂടി പവര്‍ പ്ലേയില്‍ നഷ്ടമായതോടെ പാകിസ്ഥാന്‍ 26-3ലേക്ക് കൂപ്പുകുത്തി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബാബര്‍ അസം – ഷദാബ് ഖാന്‍ സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 25 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒരു ഫോറുമടക്കം ഷദാബ് നടത്തിയ കടന്നാക്രമണമാണ് പാക് സ്‌കോര്‍ ചലിപ്പിച്ചത്. 13-ാം ഓവറില്‍ നോസ്തുഷ് കെന്‍ജിഗെയുടെ പന്തില്‍ പുറത്താകും മുമ്പ് ബാബറിനൊപ്പം ഷദാബ് 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ തന്നെ മുന്‍താരം മോയിന്‍ ഖാന്റെ മകന്‍ അസം ഖാനെയും (0) കെന്‍ജിഗെ മടക്കിയതോടെ പാകിസ്താന്‍ അഞ്ചിന് 98 റണ്‍സെന്ന നിലയിലായി.

ബാബറിനും പിന്നീട് ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. 43 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 44 റണ്‍സെടുത്ത താരത്തെ ജസ്ദീപ് സിങ് പുറത്താക്കുകയായിരുന്നു.

ഇഫ്തിഖര്‍ അഹമ്മദ് 14 പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. 16 പന്തില്‍ നിന്ന് 23 റണ്‍സുമായി പുറത്താകാതെ നിന്ന ഷഹീന്‍ അഫ്രീദിയുടെ ബാറ്റിങ്ങാണ് സ്‌കോര്‍ 150 കടത്തിയത്. ഹാരിസ് റൗഫ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.