India

സൗരോര്‍ജ്ജം ഉപയോഗിച്ച് ഇനി ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം ; ചെലവ് കുറഞ്ഞ അഡാപ്റ്റര്‍ വികസിപ്പിച്ച് ഐഐടി ജോധ്പൂര്‍

സൗരോര്‍ജ്ജം ഉപയോഗിച്ച് ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഐഐടി ജോധ്പൂര്‍. സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തി ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പ്രത്യേകതരം അഡാപ്റ്റര്‍ ആണ് ഐഐടി ജോധ്പൂര്‍ വികസിപ്പിച്ചത്. പുരപ്പുറ സോളാര്‍ സിസ്റ്റം ഉപയോഗിച്ച് ഇലക്ട്രിക് വാഹനം റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സോളാര്‍ പാനല്‍ പദ്ധതി വിജയകരമാകുകയാണെങ്കില്‍ അഡാപ്റ്റര്‍ ഫലപ്രദമെന്ന് തെളിയുമെന്ന് ഐഐടി ജോധ്പൂര്‍ ഇലക്ട്രിക് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിഷാന്ത് കുമാര്‍ പറഞ്ഞു. കാരണം അഡാപ്റ്റര്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കും. ആയിരം രൂപയില്‍ താഴെ വില വരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ കൂടുതലായി ഇലക്ട്രിക് വാഹനം വാങ്ങാനുള്ള ശ്രമത്തിലാണ്. നിലവില്‍ സര്‍ക്കാര്‍ അവയ്ക്ക് സബ്സിഡിയും നല്‍കുന്നുണ്ട്. ‘ഒരു വശത്ത്, ഞങ്ങളുടെ ചാര്‍ജിംഗ് അഡാപ്റ്റര്‍ സോളാര്‍ പാനലുമായും മറുവശത്ത് കമ്പനി നല്‍കുന്ന ചാര്‍ജറുമായി ബന്ധിപ്പിക്കും. ഇതില്‍ രണ്ട് പോയിന്റുകള്‍ ഉള്‍പ്പെടുന്നു, അത് ആവശ്യാനുസരണം വൈദ്യുതി നല്‍കും,’-നിഷാന്ത് കുമാര്‍ പറഞ്ഞു.

നിലവില്‍, പവര്‍ കണ്‍വെര്‍ട്ടര്‍ ഇല്ലാതെ സോളാര്‍ പാനലില്‍ നിന്ന് പരമാവധി വൈദ്യുതി വേര്‍തിരിച്ചെടുക്കുന്നത് വെല്ലുവിളിയാണ്. ഇതിനായി ഒരു ചാര്‍ജിംഗ് അഡാപ്റ്റര്‍ ആവശ്യമാണ്. കമ്പനി നല്‍കുന്ന ചാര്‍ജറിന് സോളാര്‍ പാനലില്‍ നിന്ന് വൈദ്യുതി എടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പ്രയത്‌നിച്ച് വരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നും നിഷാന്ത് കുമാര്‍ പറഞ്ഞു. ഈ അഡാപ്റ്റര്‍ എല്ലാത്തരം വാഹനങ്ങളിലും പ്രവര്‍ത്തിക്കും. ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഇത് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും നിഷാന്ത് കുമാര്‍ പറഞ്ഞു