ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ചെന്ന പരാതിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അറസ്റ്റിൽ. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ കങ്കണയെ അടിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ, കുൽവീന്ദർ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും ജോലിയിൽ നിന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെയാണ് കൗർ കങ്കണയുടെ മുഖത്തടിച്ചെന്ന പരാതി ഉയർന്നത്. ‘ഇത് കർഷകരെ അനാദരിക്കുന്നതിനാണ്’ എന്ന് പറഞ്ഞാണ് തല്ലിയതെന്നാണ് പരാതി. വിവാദമായ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കർഷകരെ ഖലിസ്ഥാനി തീവ്രവാദികൾ എന്നുവിളിച്ചതിന്റെ പേരിലാണ് ഉദ്യോഗസ്ഥ മർദിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
2020ലെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുൻപ് കങ്കണ നടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ എം.പിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. 100 രൂപയ്ക്ക് സ്ത്രീകളെ കർഷകസമരം ചെയ്യാൻ വിലയ്ക്കെടുക്കുന്നുവെന്ന കങ്കണയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു കൗറിന്റെ പ്രതിഷേധം.
സംഭവത്തില്‍ വിശദീകരണവുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥ രംഗത്തെത്തിയിരുന്നു. 2020-21ൽ കർഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപയ്ക്ക് വിലയ്ക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്നും അവർ ഇത് പറയുമ്പോൾ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുൽവീന്ദർ കൗർ വ്യക്തമാക്കി. 100 രൂപ കൊടുത്താൽ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ ചോദിച്ചിരുന്നു.