ലോകം സഞ്ചരിക്കുന്ന വേഗതയില്‍ ഇന്ത്യ ഇപ്പോഴും ഓടിത്തുടങ്ങിയിട്ടില്ലെന്നതാണ് സത്യം. ആ സത്യം അംഗീകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ കൂടുതല്‍ വേഗതയുള്ള ട്രെയിനുകളെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. അതിന്റെ ഭാഗമായാണ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന രണ്ട് ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞു. ജൂണ്‍ നാലിന് അയച്ച കത്തില്‍ റെയില്‍വേ ബോര്‍ഡ് 2024-25 ലെ പ്രൊഡക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഈ രണ്ട് ട്രെയിനുകളും വികസിപ്പിക്കാന്‍ ഐസിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗവും 220 കിലോമീറ്റര്‍ വേഗവുമാണ് സ്റ്റീല്‍ ബോഡിയില്‍ നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ക്കുണ്ടാവുക.
ഇത് സ്റ്റാന്‍ഡേര്‍ഡ് ഗേജിലായിരിക്കും നിര്‍മ്മിക്കുക. ഭാവിയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടറുടെ പദ്ധതിയുടെ ഭാഗമായി വന്ദേഭാരത് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രെയിനുകള്‍ എന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ട് കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഇവയെന്ന് റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി,
രാജസ്ഥാനില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ട്രെയിനുകള്‍ക്കായി ഒരു ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രാഥമികമായി അതിവേഗ ട്രെയിനുകള്‍ വികസിപ്പിക്കുന്നതിനും വന്ദേ ഭാരത് ട്രെയിനുകള്‍ കയറ്റുമതി ചെയ്യുന്നതിനുമുള്ള കഴിവുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കാരണം, അവ ബ്രോഡ് ഗേജില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് ഗേജിലേക്ക് മാറ്റേണ്ടതുണ്ട്.
ആഗോളതലത്തില്‍ ഏറ്റവും സ്വീകാര്യമായ ഗേജ് ആണ് സ്റ്റാന്‍ഡേര്‍ഡ് ഗേജ്. ഇന്ത്യയില്‍ ഇത്ര വേഗത്തില്‍ ഓടാന്‍ കഴിയുന്ന ട്രെയിനുകള്‍ ഇതുവരെ ഇറക്കിയിട്ടില്ല. ഈ പദ്ധതി വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ‘വന്ദേ ഭാരത് ട്രെയിനുകളുടെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്,
2025 മാര്‍ച്ചോടെ 250 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ട്രെയിന്‍ വികസിപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ല.’ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഐ.സി.എഫിന്റെ മുന്‍ ജനറല്‍ മാനേജര്‍ സുധാന്‍ഷു മണിയാണ് ഇതു പറഞ്ഞത്.