India

പവന്‍ കല്യാണിനെ സ്വീകരിച്ച് സഹോദരന്‍ ചിരഞ്ജീവി; വീട്ടില്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍

ആന്ധ്രപ്രദേശിലെ നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണിന് സ്വീകരണമൊരുക്കി സഹോദരനും സൂപ്പര്‍ താരവുമായ ചിരഞ്ജീവി. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ടിഡിപിക്കും ബിജെപിക്കുമൊപ്പമാണ് പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി മത്സരിച്ചത്.

വിജയശേഷം ചിരഞ്ജീവിയുടെ വീട്ടില്‍ എത്തിയ പവന്‍ കല്യാണിന് ഉഗ്രന്‍ സ്വീകരണമാണ് ബന്ധുക്കള്‍ ഒരുക്കിയത്. ചിരഞ്ജീവിയുടെ മകനും താരവുമായ രാംചരണ്‍ ആണ് കാറില്‍ നിന്നും പവന്‍ കല്യണിനെ സ്വീകരിച്ചത്. സഹോദരനെ കണ്ടതും വികാരാധീനനായ പവന്‍, ചിരഞ്ജീവിയുടെ കാലില്‍ തൊട്ട അനുഗ്രഹം ഏറ്റുവാങ്ങി. തുടർന്ന് പവൻ കല്യാണിന്റെ ഭാര്യയെയും ആശീർവദിച്ച ചിരഞ്ജീവി വലിയൊരു ഹാരവും പവന്റെ കഴുത്തിൽ അണിഞ്ഞു. തുടർന്ന് രാംചരണ്‍ പവന് ബൊക്കെ നൽകി.

പവന്‍ കല്യാണിന്റെയും ചിരഞ്ജീവിയുടെയും മറ്റൊരു സഹോദരനായ നാഗേന്ദ്രബാബുവും കുടുംബവും ഒപ്പമുണ്ടായിരുന്നു. വികാരനിര്‍ഭരമായ നിമിഷങ്ങളുടെ വിഡിയോ ചിരഞ്ജീവി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു ഭാര്യയ്ക്കും മകനുമൊപ്പമാണ് പവന്‍ കല്യാണ്‍ എത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച പവനെ ഭാര്യയും റഷ്യന്‍ സ്വദേശിയുമായ അന്നെ മലനേവ ആരതി ഉഴിയുന്ന വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ച് വിജയാഹ്ലാദം പങ്കിട്ടു.

70270 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പവന്‍കല്യാണ്‍ പിത്തപുരം മണ്ഡലത്തില്‍ വിജയിച്ചത്. മത്സരിച്ച 21 നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്‌സാ മണ്ഡലങ്ങളിലും ജനസേന വിജയിച്ചു. പവന്റെ സഹോദരനും സൂപ്പര്‍താരവുമായ ചിരഞ്ജീവി ഉള്‍പ്പെടെയുണ്ണ താരങ്ങള്‍ എന്‍.ഡി.എക്കു വേണ്ടി രംഗത്തിറങ്ങിയത് നായിഡുവിനും സംഘത്തിനും നേട്ടമായിരുന്നു ടി.ഡി.പിയെ എന്‍ ഡി.എയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതും പവനായിരുന്നു. ജനസേന പാര്‍ട്ടിക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനവും കിട്ടിയേക്കും.ചിരഞ്ജീവി സ്ഥാപിച്ച പ്രജാരാജ്യം പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവരാജ്യത്തിന്റെ പ്രസിഡന്റായി 2008ലാണ് പവന്‍ കല്യാണ്‍ രാഷ്ട്രീയത്തില്‍ വന്നത്. 2009ലെ തിരഞ്ഞെടുപ്പില്‍, ആന്ധ്രാ നിയമസഭയിലെ 284 സീറ്റുകളില്‍ 18 സീറ്റുകള്‍ പ്രജാരാജ്യം നേടിയിരുന്നു. 2011 ഫെബ്രുവരി ആറിന് സോണിയാഗാന്ധിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ചിരഞ്ജീവി 30 മാസം പഴക്കമുള്ള പ്രജാരാജ്യം പാര്‍ട്ടിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 2012 മാര്‍ച്ച് 29ന് രാജ്യസഭയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിയായി പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പവന്‍ കഴിഞ്ഞ തവണ മത്സരിക്കാനിറങ്ങിയപ്പോള്‍ ചിരഞ്ജീവി മൗനം പാലിച്ചിരുന്നു.