ലക്ഷക്കണക്കിന് ആളുകള്‍ ഒരേസമയം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഗൂഗിള്‍ സംവിധാനമാണ് മാപ്സ്. ഇന്ന് നമ്മള് ഒരു സ്ഥലത്ത് പോകണമെങ്കില്‍ ആദ്യം അന്വേഷിക്കുന്നത് ഗൂഗിള്‍ മാപ്പിനെയാണ്. ആ എവിടെയാ പോകേണ്ടത്, വാ എങ്കില്‍ ഗൂഗിള്‍ മാപ്പിട്ട് പോകാം. ഇങ്ങനെ പറയാത്ത ഒരു മനുഷ്യനും കാണില്ലെന്ന് ഉറപ്പാണ്. ദാ വരുന്ന ഉഗ്രന്‍ ഒരു ഗൂഗിള്‍ മാപ്പ് ഫീച്ചര്‍. ഉപയോക്താവിന്റെ ലൊക്കേഷന്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെയ്ക്കുന്ന ഓപ്ഷന് ഗൂഗിള്‍ നിറുത്തലാക്കുന്നു. ഉപഭോക്താവിന്റെ സ്വീകാര്യത സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. മുന്‍പ് ലൊക്കേഷന്‍ ഡാറ്റ വിവരങ്ങള്‍ ഗൂഗിളിന്റെ സെര്‍വറില്‍ സൂക്ഷിച്ചുവെയ്ക്കുന്ന പതിവാണ് ഗൂഗിളിന് ഉണ്ടായിരുന്നത്. ഗൂഗിള്‍ മാപ്സ് ലൊക്കേഷന്‍ ഹിസ്റ്ററി ഫീച്ചറിന്റെ പേര് ടൈംലൈന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിലെ സേവനം 2024 ഡിസംബര്‍ ഒന്നു വരെ ലഭിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിലരുടെ ഡാറ്റകള്‍ പതിയെ മാറ്റി പുതിയ ഫീച്ചറിലേക്ക് പോകുന്ന പരീക്ഷണം നടത്തുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
ഗൂഗിള്‍ മാപ്സിന്റെ ടൈംലൈന്‍ ഡാറ്റ ഉപയോക്താക്കളുടെ ഡാറ്റ പരിരക്ഷിക്കുക എന്നതാണ് സവിശേഷതയുടെ ലക്ഷ്യം. ഉപയോക്താക്കള്‍ സഞ്ചരിച്ച ലൊക്കേഷന്‍ ചരിത്രം അവരുടെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്ന് ഇത് ഉറപ്പാക്കുന്നു. ഉപയോക്താക്കള്‍ക്ക് ഇനി ക്ലൗഡ് സെര്‍വറുകളെ ആശ്രയിക്കേണ്ടി വരില്ല. നിങ്ങള്‍ ഏത് റെസ്റ്റോറന്റില്‍ പോയിട്ടുണ്ടോ അടക്കം, നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ആപ്പിള്‍ ഉപകരണത്തിലെ എല്ലാ ലൊക്കേഷന്‍ ഹിസ്റ്ററി ഡാറ്റയും ഗൂഗിള്‍ പ്രാദേശികമായി സംരക്ഷിക്കും. ഡാറ്റ കൂടുതല്‍ പരിരക്ഷിക്കുന്നതിന്, മാപ്സിലെ ടൈംലൈനിനായി ഗൂഗിള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ക്ലൗഡ് ബാക്കപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താവിന് ഈ ബാക്കപ്പ് ഫയലുകള്‍ എടുക്കാന്‍ പ്രത്യേക അനുമതിയും വേണ്ടി വരും.
ആപ്പ് ഉപയോക്താക്കള്‍ക്കായി മാത്രമാണ് പുതിയ ഫീച്ചര്‍ പുറത്തിറങ്ങുന്നത്. ടൈംലൈനിന്റെ വെബ് പതിപ്പ് ലഭ്യമാകില്ല. ഉപയോക്താക്കള്‍ക്ക് വെബ് ഇന്റര്‍ഫേസിലൂടെ അവരുടെ ലൊക്കേഷന്‍ ചരിത്രം ആക്സസ് ചെയ്യാന്‍ കഴിയും, എന്നാല്‍ ഈ മാറ്റത്തോടെ, ഡെസ്ക്ടോപ്പുകള്‍ക്കുള്ള മാപ്സില്‍ ഇത് ഇനി ലഭ്യമാകില്ല.
നിങ്ങളുടെ ടൈംലൈന്‍ ഡാറ്റ എങ്ങനെ സംരക്ഷിക്കാം?
ടൈംലൈന്‍ ഡാറ്റ ഫീച്ചര്‍ നിങ്ങളിലേക്ക് എത്താന്‍ കുറച്ച് വൈകുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ഇമെയില്‍ വഴി പുതിയ അപഡേറ്റിന്റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിളില്‍ നിന്നുള്ള കത്ത്, ഒരു ഇമെയിലിന്റെ രൂപത്തിലോ പുഷ് അറിയിപ്പിന്റെ രൂപത്തിലോ ആകട്ടെ, അപ്ഡേറ്റ് ചെയ്ത ആപ്പ് ബട്ടണ്‍ വഴി നിലവിലുള്ള ലൊക്കേഷന്‍ ചരിത്രം ഉപകരണത്തിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, വെബ് ഫീച്ചര്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമ്പോള്‍ ഗൂഗിള്‍ നിങ്ങളുടെ ചില അല്ലെങ്കില്‍ എല്ലാ ടൈംലൈന്‍ ഡാറ്റയും ഇല്ലാതാക്കിയേക്കാം. ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ബാക്കപ്പ് ഓപ്ഷന് അവതരിപ്പിക്കും. ഉപയോക്താവിന് അവരുടെ ലൊക്കേഷന്‍ ചരിത്രത്തിന്റെ എന്‍ക്രിപ്റ്റ് ചെയ്ത പകര്‍പ്പുകള്‍ ഗുഗിളിന്റെ സെര്‍വറുകളില്‍ സംരക്ഷിക്കാന്‍ കഴിയും, പുതിയ ഫോണിലേക്ക് മാറുമ്പോള്‍ അവ പിന്നീട് പുനഃസ്ഥാപിക്കാനാകും.