തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയില്‍ ലയങ്ങളുടെ ശോച്യാവസ്ഥ ഉള്‍പ്പെടെ 224 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതിനോടകം 75 തോട്ടങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായി ലേബര്‍ കമ്മിഷണര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴില്‍ നിയമലംഘനങ്ങള്‍ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. പുതുതായി വീഴ്ചകള്‍ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് 15 ദിവസത്തിനകം പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നല്കി.
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ലയങ്ങളുടെ അടിയന്തിര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അടിയന്തിര ഉടപെടല്‍ നടത്തുന്നതിന് പ്ലാന്റേഷന് ചീഫ് ഇന്‍സ്പെകടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്നും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ വിവിധ പ്ലാന്റേഷന് ഇന്‍സ്പെകടര്‍മാരുടെ മേല്‍ നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് 25 പരിശോധനകളിലായി 54 നിയമലംഘനങ്ങളാണ് ഇടുക്കിയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 3 തോട്ടങ്ങളിലായി 4 നിയമലംഘനങ്ങള്‍, കൊല്ലത്ത് 3ഇടങ്ങളില്‍ 30 , പത്തനംതിട്ട 3- 6, എറണാകുളം 10 -30, പാലക്കാട് 9-51, കോഴിക്കോട് 8- 39 ,വയനാട്ടില്‍ 14 എസ്റ്റേറ്റുകളിലായി 10 നിയമലംഘനങ്ങള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്.അടഞ്ഞു കിടക്കുന്ന തോട്ടങ്ങളില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ പ്ലാന്റേഷന് റിലീഫ് കമ്മിറ്റികള്‍ വഴി പ്രശ്ന പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
തോട്ടം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും അവകാശ സംരക്ഷണങ്ങളും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗന്‍വാടികള്‍,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ മറ്റു തൊഴില്‍ നിയമ ലംഘനങ്ങള്‍ എന്നിവ പ്രധാന പരിഗണനയാക്കി പാന്റേഷന് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തിവരികയാണ്. ഇതിനായി വകുപ്പ് പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. തുടര്‍ പരിശോധനകള്‍ ഉറപ്പാക്കുമെന്നും നോട്ടീസ് കാലാവധി തീരുന്നമുറയ്ക്ക് പ്രശ്നപരിഹാരത്തില്‍ പിന്നോട്ട് നില്ക്കുന്ന തോട്ടമുടകള്‍ക്കെതിരെ പ്രോസിക്യൂഷന് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.