തൃശ്ശൂര്‍: തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചവരെ തടഞ്ഞതാണ് കയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് വിവരം.
ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ സജീവൻ കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോൺഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയത്.
ഡിസിസി പ്രസിഡന്റ് കഴുത്തിന് കയറി പിടിച്ചെന്നും മര്‍ദിച്ചതിന്റെ കാരണം അറിയില്ലെന്നും ഓഫീസ് സെക്രട്ടറി പറഞ്ഞു. ജോസ് വള്ളൂരും കൂടെയുണ്ടായിരുന്ന ഇരുപതോളം പ്രവര്‍ത്തകരും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് ആരോപണം. മർദനമേറ്റ് സജീവൻ പൊട്ടിക്കരയുകയും ഓഫിസിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു.
കെ. മുരളീധരന്റെ അനുഭാവിക്കാണ് മര്‍ദനമേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേർന്ന യോഗമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.