തിരുവനന്തപുരം: യാക്കോബായ സഭാ നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്‌ക്കെതിരേ അതിരൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്മാരിലും വിവരദോഷികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ സര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2023-24 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ധാര്‍ഷ്ട്യവും, ധൂര്‍ത്തും ഇനിയും തുടർന്നാൽ വലിയ തിരിച്ചടികൾ നേരിടുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷിക്കെത്തില്ല എന്നുമായിരുന്നു ഗീവർഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്കിലൂടെയുള്ള വിമർശനം. ഇതിനെതിരെ കടുത്ത ഭാഷയിലുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഭരണ വിരുദ്ധ വികാമാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തുന്ന സി.പി.എം തിരുത്തുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഒരു മത പുരോഹിതനെ കടന്നാക്രമിച്ചിരിക്കുന്നത്.
പ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നുമാണ് ആ പുരോഹിതന്‍ പറഞ്ഞതായി കേട്ടത്. പുരോഹിതന്‍മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്, പിണറായി പറഞ്ഞു.
“ഒരു മാധ്യമത്തിൽ ഒരു പുരോഹിതന്‍റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയം ഉണ്ടായതാണ് അന്ന് ഈ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടാ എന്നും ആ പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. നമ്മളാരും ഇവിടെ വീണ്ടും ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷെ, നേരിട്ട ദുരന്തത്തെ ശരിയായ രീതിയിൽ അതിജീവിക്കാൻ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നൽകാൻ കഴിഞ്ഞ പാഠം. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്. നമ്മുടെ നാടിന്‍റെ പ്രത്യേകതയാണെന്നും”, പിണറായി വിജയൻ പറഞ്ഞു.
കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ല. ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകും. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത് , വളരെ മോശമായ പൊലിസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതു വല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണെന്നും ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു.