India

പിന്നാക്കക്കാരനായ തനിക്ക് രാഷ്ട്രത്തെ സേവിക്കാന്‍ അവസരം ലഭിച്ചതിന്‍റെ കാരണം ഭരണഘടന: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കായിസമര്‍പ്പിക്കപ്പെട്ട ജീവിതമാണ് തന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്നണി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

“എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ. ??ബാബാ സാഹേബ് അംബേദ്കര്‍ നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ദരിദ്രരും പിന്നാക്കക്കാരുമായ കുടുംബത്തില്‍ ജനിച്ച എന്നെപ്പോലുള്ള ഒരാള്‍ക്ക് പോലും രാഷ്ട്രത്തെ സേവിക്കാന്‍ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്. കോടിക്കണക്കിന് രാജ്യക്കാര്‍ക്ക് ഇന്ന് പ്രതീക്ഷയും കരുത്തും മാന്യമായ ജീവിതവും ലഭിക്കുന്നത് നമ്മുടെ ഭരണഘടനയുള്ളത് കൊണ്ടാണ്’- അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വസതികളിലെത്തി മോദി സന്ദര്‍ശിച്ചു. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണു മോദിയുടെ സന്ദര്‍ശനം

രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പുതിയ ദൗത്യത്തിന് തന്നെ തിരഞ്ഞെടുത്തതിന് മോദി നന്ദി അറിയിച്ചു. തന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്. രാജ്യത്തെ മുന്നോട്ട് നടത്താന്‍ കഠിനാധ്വാനം ചെയ്യും. തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്നും മോദി പറഞ്ഞു.

എന്‍ഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എന്‍ഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയിലെ ബന്ധം ദൃഢമാണ്. അധികാരത്തിലെത്താന്‍ ചില പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടായ കൂട്ടായ്മയല്ല എന്‍ഡിഎ. രാജ്യമാണ് പ്രധാനം എന്ന ചിന്തയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. എന്‍ഡിഎയിലെ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു.’ മോദി പറഞ്ഞു, പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചായിരുന്നു പരാമര്‍ശം.

എന്‍ഡിഎ ഘടകകക്ഷികള്‍ എല്ലാം സദ്ഭരണം കാഴ്ച്ചവെച്ചവരാണ്. അടുത്ത പത്ത് വര്‍ഷം സദ്ഭരണം, വികസനം, സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ ഉയര്‍ച്ച എന്നിവ ഉറപ്പാക്കും. വികസനത്തിന്റെ പുതിയ അധ്യായം സൃഷ്ടിക്കും. വികസിത ഭാരതം എന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കും. സദ്ഭരണത്തിന്റെ അധ്യായം രചിക്കുമെന്നും മോദി പറഞ്ഞു.