124 വർഷത്തെ പഴക്കമുണ്ട് കേരളത്തിലെ അതിപ്രശസ്തമായ പടമുകൾ ജുമാമസ്ജിദിന്. കൊച്ചി രാജാവാണ് മുസ്ലിം വിശ്വാസികൾക്ക് ഈ പള്ളി പണിത് നൽകിയത്. അതേ സമയത്ത് തന്നെ രാജാവ് ക്രിസ്ത്യാനികൾക്ക് ഇടപ്പള്ളിയിൽ ക്രിസ്ത്യൻ പള്ളിയും പണിതു നൽകി എന്നാണ് വിശ്വാസം. മുസ്ലിം വിശ്വാസികളുടെ മതപരമായ കാര്യങ്ങൾ ശ്രമിക്കാനും വിശ്രമിക്കാനും ആയി പള്ളിയോട് അടുത്ത് രാജാവ് ഒരു ആൽത്തറ കൂടി നിർമ്മിച്ചു. അദ്ദേഹം വിശ്രമിക്കാൻ തിരഞ്ഞെടുത്തിരുന്ന സ്ഥലം ആ ആൽത്തറയാണ്. 124 വർഷങ്ങൾക്കിപ്പുറവും ആൽത്തറ ഒരു സ്മാരകമായി നിലനിർത്തി പോരുന്നു.
അതിനുശേഷം ആണ് തൃക്കാക്കരയിൽ മുസ്ലിം ജമാഅത്ത് പള്ളി പണിയുന്നത്. തൃക്കാക്കരയിലെ ഓരോ കുടുംബവും ജമാഅത്ത് നമസ്കരിക്കുന്നതിന് അവിടെ എത്തിയിരുന്നു. കുറച്ചുനാളുകൾക്കു ശേഷം പടമുകളിൽ ഒരു ജമാഅത്ത് പള്ളി വേണമെന്ന് ആഗ്രഹം അന്നത്തെ പൂർവികർക്കുണ്ടായി. അങ്ങനെ എളവക്കാട്, തൈക്കൂട്ടക്കാർ, കുന്നേൽ, മുളക്കാംപള്ളി, കൈതേലിയിൽ, പീച്ചംപള്ളിയിൽ, പള്ളിപ്പറമ്പിൽ, നൈതേലി, കിളിയങ്കൽ, കിഴക്കേക്കര, പടനാട്ട്, മാനാത്ത് കുറ്റിക്കാട്ട്, അഞ്ചുമുറി, ചാലക്കര, അരിമ്പാശ്ശേരി, കളപ്പുരക്കൽ, കാവനാട്, ചിറയിൽ, മൂലയിൽ, പനച്ചിക്കൽ, പുതുവാമൂല, കുണ്ടുവേലി, ഊത്താല, പൊന്നാന്തറ, പരുത്തിക്കൽ, കുരീക്കോട്, നമ്പിള്ളിപ്പാടം, മുരിയങ്കര എന്നീ കുടുംബങ്ങൾ ചേർന്ന് മുഹമ്മദീയ പള്ളി എന്ന പേരിൽ പടമുകളിൽ പള്ളി പണികഴിപ്പിച്ചു.
പള്ളി പരിപാലിക്കുന്നതിനു വേണ്ടി കൈകാര്യക്കാർ എന്ന പേരിൽ ആളുകളെ തിരഞ്ഞെടുത്തു. ഓരോ കുടുംബത്തിൽ നിന്നും ഒരേ അളവിതമാണ് തിരഞ്ഞെടുത്തത്. 1976 ലാണ് പള്ളിയിൽ ഭരണഘടന നിലവിൽ വന്നത്. പള്ളിക്ക് വേണ്ടി സാമ്പത്തികമായ സഹായങ്ങൾ ഓരോ കുടുംബവും നൽകി. ഇതിനുപുറമേ ഒത്തിരി സ്ഥലങ്ങളും എഴുതി നൽകി. ആദ്യത്തെ പ്രസിഡൻറ് ആയി അഡ്വക്കേറ്റ് എ . എ അബ്ദുറഹ്മാനെ തിരഞ്ഞെടുത്തു.
പള്ളികാര്യങ്ങൾ , മഹല്ല് പ്രവർത്തനം , ദറസ്സ് , സാധുസംരക്ഷണത്തിനായി ക്ഷേമനിധി, ഇവ കൂടാതെ ഭൗതികമായും ആത്മീയവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ജമാഅത്തിന്റെ ഭാഗമാണ്. സി.ബി.എസ്.ഇ ഹയർ സെക്കൻഡറി സ്കൂൾ, ഹിയാദത്തുൽ ഇസ്‌ലാം മദ്രസ്സ എന്നിവയും പ്രവർത്തിക്കുന്നു.
മസ്‌ജിദിൽ ഏതാണ്ട് 40 വർഷം ദർസ് നടത്തുകയും ഖത്തീബായി സേവനം അനുഷ്ഠിക്കുകയും ചെയ്‌തു കോക്കൂർ ഉസ്താദ്. ഈ മഹല്ലിലും സമീപ മഹല്ലിലും ഉസ്താദാണ് മതപഠനം നൽകിയത്. എല്ലാ ജാതി മതസ്ഥരുമായി നല്ല സൗഹൃദ ബന്ധം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.