കോട്ടയം: ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമാണെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷി എന്ന് മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാമെന്നും ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു.
ചക്രവര്‍ത്തി നഗ്‌നനാണെങ്കില്‍ അത് വിളിച്ചു പറയൽ സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്. അത് ഉള്‍ക്കൊണ്ട് തിരുത്തുന്നതിനുപകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിനു മുഖ്യമന്ത്രി രൂക ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. മതപുരോഹിതന്മാർക്കിടയിലും ചില വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി കൂറിലോസിനെ വിമർശിച്ചത്.
തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്ന് സിപിഎമ്മും ഇടതു കക്ഷികളും പാഠം പഠിക്കണം. ധാര്‍ഷ്ട്യവും, ധൂര്‍ത്തും ഇനിയും തുടർന്നാൽ വലിയ തിരിച്ചടികൾ നേരിടുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷിക്കെത്തില്ല എന്നുമായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്. തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു മനസിലാക്കണമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.