ഡല്‍ഹി: എന്‍ഡിഎ സർക്കാർ രൂപീകരണ ചർച്ചയിൽ വകുപ്പ് വിഭജനം ഇന്ന് ഉണ്ടായേക്കും. വകുപ്പുകൾ നൽകുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കം തുടരുന്നത് സർക്കാരിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ. റെയിൽവേ വകുപ്പ് വേണമെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് ജെ ഡിയു.
നാളെ വൈകുന്നേരം സത്യപ്രതിജ്ഞ നടക്കുന്നതിന്നു മുന്‍പ് വകുപ്പ് വിഭജനം പൂർത്തിയാക്കാനാണ് എൻഡിഎ ശ്രമം. വകുപ്പുമായി ബന്ധപ്പെട്ട് പാർട്ടികൾ തമ്മിലുള്ള പോര് രൂക്ഷമാകുന്നതിന്നു മുന്‍പ് പരിഹാരം കാണാൻ ആണ് ശ്രമം. സുപ്രധാന വകുപ്പുകൾ നിലനിർത്തി സഖ്യകക്ഷികളെ അനുനയിപ്പിക്കാനാണ് ബി.ജെ.പി നോക്കുന്നത്. അതിനിടെ റെയിൽവേ വകുപ്പ് വേണമെന്ന് ആവശ്യത്തിൽ ജെഡിയു ഉറച്ചു നിൽക്കുകയാണ്.
കേവല ഭൂരിപക്ഷമില്ലാത്തതാണ് ബി.ജെ.പിയെ അലട്ടുന്നത്. മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനവും 2 സഹമന്ത്രി സ്ഥാനവുമാണ് ജെഡിയുവും ടിഡിപിയും ആവശ്യപ്പെടുന്നത്.ആന്ധ്രയുടെ പ്രത്യേക പദവിയും ചന്ദ്രബാബു നായിഡു ഉയർത്തുന്നുണ്ട്. ലോക്സഭാ സ്പീക്കർ സ്ഥാനം നായിഡു ആവശ്യപ്പെട്ടെങ്കിലും വഴങ്ങാൻ ബി.ജെ.പി തയ്യാറായിട്ടില്ല. എൽ ജെ പി ഉൾപ്പെടെയുള്ള മറ്റു കക്ഷികളും ക്യാബിനറ്റ് റാങ്കിലാണ് കണ്ണു വെക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ , രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, ഡോ .എസ് ജയ്ശങ്കർ എന്നിവർ ഇത്തവണയും പരിഗണനയിലുണ്ട്. ഇവർക്ക് പുറമേ റാം മോഹൻ നായ്ഡു, ചിരാഗ് പസ്വാൻ, അനുപ്രിയപട്ടേൽ, ജിതൻ റാം മാഞ്ചി, ശിവരാജ് സിംഗ് ചൗഹാൻ , മനോഹർലാൽ ഖട്ടർ എന്നിവരും മന്ത്രിമാരായേക്കും.