കൊച്ചി: അങ്കമാലിയിൽ വീടിനു തീപിടിച്ച് നാല് പേർ മരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന് (45), ഭാര്യ അനുമോൾ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്വിൻ (5) എന്നിവരാണ് അഗ്നിക്കിരയായത്. അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്നു പുലർച്ചെയാണ് തീപിടിച്ചത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് തീപടരുന്നത് കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ട് സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. എസിയിൽനിന്ന് തീപടർന്നതാണോയെന്നും സംശയിക്കുന്നു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.