കൊല്‍ക്കത്ത: നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഇടപെട്ട് കല്‍കട്ട ഹൈക്കോടതി. നാഷനൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി വിശദീകരണം തേടി. പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ഉത്തരവ്.
നീറ്റ് റിസൾട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു വിദ്യാർഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് അസ്വാഭാവികമായി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും പരീക്ഷയ്ക്ക് ആവശ്യമായ സമയം ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് സാധാരണ ലഭിക്കാനിടയില്ലാത്ത 718, 719 മാർക്കുകൾ ലഭിച്ചതെന്നുമാണ് ഏജൻസിയുടെ വാദം.
2018ൽ കോമൺ ലോ അഡ്മിഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട പരാതിയിലെ സുപ്രിംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നും എൻ.ടി.എ വിശദീകരിച്ചിരുന്നു. ഈ ഉത്തരവ് നീറ്റ് പരീക്ഷയ്ക്കു ബാധകമാണോ എന്ന കാര്യത്തിൽ നിയമവിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് കൽക്കട്ട ഹൈക്കോടതി ഇടപെടലുണ്ടായിരിക്കുന്നത്. പത്തു ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നീറ്റ് പരീക്ഷയ്ക്ക് 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതും ഹരിയാനയിലെ ഒരു സെന്‍ററിൽ പരീക്ഷയെഴുതിയ എട്ടുപേർക്ക് തെട്ടടുത്ത റാങ്ക് ലഭിച്ചതും ദുരൂഹമാണെന്ന് കാണിച്ച് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റീ വാല്യുവേഷൻ ആവശ്യപ്പെട്ട് നിരവധി കോച്ചിങ് സെന്‍ററുകളും വിദ്യാർഥികളും സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്.